Breaking News

സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപം: പൊലീസില്‍ പരാതി നല്‍കി ജെയ്ക്കിന്റെ ഭാര്യ

കോട്ടയം: സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കി പുതുപ്പള്ളി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക്ക്.സി.തോമസിന്റെ ഭാര്യ ഗീതു തോമസ്. ‘ഗര്‍ഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ’ എന്ന പ്രയോഗം ഒന്‍പതു മാസം ഗര്‍ഭിണിയായ ഒരു സ്ത്രീ എന്ന നിലയില്‍ തന്നെ ഏറെ വേദനിപ്പിച്ചു. ഈ അവസ്ഥയിലും പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കേണ്ടി വന്നത് അതുകൊണ്ടാണെന്നും ഗീതു തോമസ് പറഞ്ഞു.

”കോണ്‍ഗ്രസിന് അനുകൂലമായി നില്‍ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പോലും മോശമായ രീതിയില്‍ കമന്റിടുന്നതു കണ്ടു. ഇത്തരം പോസ്റ്റുകള്‍ ഷെയറും ചെയ്യുന്നുണ്ട്. ഇന്നലെ മുതല്‍ എഫ്.ബിയില്‍ കണ്ടും നമ്മുടെ കുറച്ച് ആള്‍ക്കാര്‍ വിളിച്ചുപറഞ്ഞും ഇതെല്ലാം അറിയുന്നുണ്ട്. അത്രയ്ക്ക് മാനസികമായി ബുദ്ധിമുട്ട് തോന്നിയതുകൊണ്ടാണ് ഈ അവസ്ഥയിലും എനിക്ക് ഇവിടെ വരെ വരേണ്ടി വന്നതും നേരിട്ട് പരാതി നല്‍കേണ്ടി വന്നതും”-ഗീതു തോമസ് വിശദീകരിച്ചു.

”ഗര്‍ഭിണി എന്നു പറയപ്പെടുന്ന എന്നൊക്കെയാണ് പറയുന്നത്. ആ വിഡിയോ കണ്ടാല്‍ ഞാന്‍ ഗര്‍ഭിണി അല്ലെന്ന് ആര്‍ക്കെങ്കിലും തോന്നുമോ? ജെയ്ക്ക് തിരഞ്ഞെടുപ്പിനു നിന്ന സമയം മുതലേ എന്റെ ചെറിയ ബൈറ്റുകള്‍ ഒക്കെ എടുക്കാന്‍ നിങ്ങള്‍ എല്ലാവരും വന്നിട്ടുള്ളതാണ്. ഞാന്‍ ഗര്‍ഭിണിയാണെന്ന കാര്യം നിങ്ങളിലൂടെയാണ് പുറത്തുള്ളവര്‍ അറിയുന്നത്. ഇപ്പോള്‍ ഒന്‍പതു മാസം ഗര്‍ഭിണിയാണെന്ന കാര്യം പോലും എല്ലാവര്‍ക്കും അറിയാം. അത്രയും മോശമായിട്ട്, ഗര്‍ഭിണിയാണെന്ന് പറയപ്പെടുന്നു എന്ന രീതിയില്‍ ഒരു ആക്ഷേപം വരുമ്പോള്‍ എനിക്ക് അതു വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി”.

”കഴിഞ്ഞ തവണ ജെയ്ക്ക് സ്ഥാനാര്‍ഥിയായപ്പോള്‍ നല്ല രീതിയില്‍ പ്രചാരണത്തിന് ഇറങ്ങാന്‍ എനിക്ക് പറ്റിയിരുന്നു. കുറേയധികം ആള്‍ക്കാരെ കണ്ടു, കുറേയധികം വീടുകള്‍ കയറി. പക്ഷേ, അന്നൊന്നും മാധ്യമങ്ങള്‍ ഇങ്ങനെ കവര്‍ ചെയ്യാന്‍ വന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അതൊന്നും പുറത്താരും അറിയാതിരുന്നത്. പക്ഷേ ഇത്തവണ നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരു സമയത്ത് ഉപതിരഞ്ഞെടുപ്പ് വന്നു. ഞാന്‍ എട്ടു മാസം ഗര്‍ഭിണിയായ സമയത്താണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ജെയ്ക്ക് സ്ഥാനാര്‍ഥിയാകുന്നതും. സ്വാഭാവികമായും കഴിഞ്ഞ തവണ പോയതിന്റെ അത്രേം പോകാന്‍ പറ്റിയിട്ടില്ല. എന്റെ സ്വന്തം ഇഷ്ടത്തിനു വന്നതാണ്. ഇതിലേക്കു വരണമെന്ന് പറഞ്ഞ് ആരും വിളിച്ചിറക്കിയതല്ല. അതുകൊണ്ടാണ് അടുത്തുള്ള വീടുകളില്‍ മാത്രമായി പ്രചാരണം ചുരുക്കിയത്.” ഗീതു കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *