Breaking News

വകുപ്പുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍; പണം ലഭിക്കുന്നില്ലെന്ന് മന്ത്രിമാരുടെ പരാതി

തിരുവനന്തപുരം: ധനവകുപ്പ് പണം അനുവദിക്കാത്തതിനാല്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലെന്ന് മന്ത്രിമാരുടെ പരാതി. മന്ത്രിസഭായോഗത്തിലാണ് മന്ത്രിമാര്‍ പരാതി ഉന്നയിച്ചത്. വിവിധ വകുപ്പുകളിലെ വിവിധങ്ങളായ പദ്ധതികളൊന്നും നടത്താനാകുന്നില്ലെന്നും പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. പ്രതിസന്ധിയുള്ളതിനാല്‍ കരുതലോടെ ചെലവഴിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആവര്‍ത്തിച്ചു. കേന്ദ്രനയം അടക്കമുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങളും അദ്ദേഹം വിശദീകരിച്ചു.

ഈ മാസം സര്‍ക്കാരിന് ചെലവ് 19,500 കോടി രൂപയാണ്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ 6000 കോടി രൂപ വേണം. പലിശ തിരിച്ചടവിന് 10,000 കോടി. ക്ഷേമപെന്‍ഷന്‍, ബോണസ്, അഡ്വാന്‍സ് എന്നിവയ്ക്കായി 3500 കോടി രൂപ വേണം. കൈത്തറി, കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ക്ക് കുറഞ്ഞ കൂലി ഉറപ്പാക്കാന്‍ 100 കോടി രൂപ വേണം. ചെലവുകള്‍ വര്‍ധിച്ചതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. നിത്യ ചെലവിനുള്ള ബില്ലുകളുടെ പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി കുറച്ചു. ഇതില്‍ കൂടുതല്‍ തുക നല്‍കണമെങ്കില്‍ ധനവകുപ്പിന്റെ അനുമതി വേണം. 2000 കോടി രൂപ കൂടി ഈ മാസം കടമെടുക്കാന്‍ ആലോചിക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *