Breaking News

ഈ ഓണം സന്തോഷത്തിന്റേതാകരുതെന്ന് ചിലര്‍ ആഗ്രഹിച്ചു, വ്യാജ പ്രചരണങ്ങള്‍ ജനം തിരിച്ചറിയുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ പാടെ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഓണം സന്തോഷത്തിന്റേതാകരുതെന്ന് ചിലര്‍ ആഗ്രഹിച്ചതായി പിണറായി വിജയന്‍ ആരോപിച്ചു. അത്തരം വ്യാജ പ്രചരണങ്ങള്‍ക്ക് ചെവി കൊടുക്കാതെയാണ് ജനങ്ങള്‍ സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ ഭരണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഓണാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

”ഓണം എന്നത് എള്ളോളമില്ല പൊളിവചനമെന്നാണല്ലോ. ഞാന്‍ ആരെയും ഉദ്ദേശിച്ചല്ല പറയുന്നത്. എന്തെല്ലാം പ്രചരണം നടത്തി? വിലകയറ്റമുണ്ടാ കുമെന്ന് പ്രചരിപ്പിച്ചു. ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുകയാണ്. ഇവര്‍ കണ്ടാലും കൊണ്ടാലും പഠിക്കില്ല. അവര്‍ നടത്തിയ പ്രചരണം തള്ളിയാണ് 99 സീറ്റോടെ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നത്. തെറ്റായ പ്രചരണങ്ങള്‍ ജനം എങ്ങനെ തള്ളുമെന്നതിന് ഉദാഹരണമാണ് ഭരണ തുടര്‍ച്ച”-പിണറായി വ്യക്തമാക്കി.

”പൊതുവിതരണ ശൃംഖല വളരെ ശക്തമാണ്. 2016-ലെ അതേ വിലയ്ക്കാണ് 13 ഇന സാധനങ്ങള്‍ നല്‍കുന്നത്. സാധനങ്ങളില്ല എന്ന് പ്രചാരണം നടക്കുന്നു. നാട്ടുകാര്‍ ചെല്ലുമ്പോള്‍ സാധനങ്ങള്‍ ലഭിക്കുന്നുണ്ട്. ക്ഷേമ പെന്‍ഷന്‍ കൃത്യമായി ലഭിക്കുന്നു. സംതൃപ്തമായ ഓണനാളുകളിലേക്കാണ് നാം കടക്കുന്നത്. നവകേരളം സൃഷ്ടിക്കലാണ് നമ്മുടെ ലക്ഷ്യം. വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ ജീവിത നിലവാരത്തിലേക്കാണ് കേരളം പോകുന്നത്. ഹാപ്പിനെസ്സ് നിലനില്‍ക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റും. 25 വര്‍ഷത്തിനുള്ളില്‍ ഈ നേട്ടങ്ങള്‍ സ്വന്തമാക്കും. ചില നിക്ഷിപ്ത താത്പര്യക്കാര്‍ ബോധപൂര്‍വമായ പ്രചാരണം അഴിച്ചുവിടുന്നു. ഇവര്‍ കണ്ടാലും കൊണ്ടാലും പഠിക്കില്ല. വലിയ പ്രചാരണങ്ങളെ നാട് എങ്ങനെ സ്വീകരിക്കും എന്നതിന്റെ ദൃഷ്ടാന്തമാണ് സര്‍ക്കാരിന്റെ തുടര്‍ച്ച”- പിണറായി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *