

തൃശ്ശൂര്‍: മുന്‍ മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ എ.സി മൊയ്തീന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ യു.ഡി.എഫ് പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു. ഇന്ന് രാവിലെ എ.സി മൊയ്തീന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് യു.ഡി.എഫ് എ.സി മൊയ്തീന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ച് യു.ഡി.എഫ് പ്രവര്‍ത്തകരെ കായികമായി നേരിടുകയായിരുന്നു.

ഇതോടെ പ്രതിഷേധവുമായെത്തിയ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞോടി. ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ മര്‍ദ്ദിച്ച് ഒതുക്കുകയായിരുന്നു സി.പി.എം എന്ന് പ്രാദേശിക യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും കുറ്റപ്പെടുത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരോട് സി.പി.എം നേതാക്കള്‍ തട്ടിക്കയറി. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണ് സൂചന. എ.സി.മെയ്തീനുമായി അടുപ്പമുള്ളവരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തി.


