

വര്‍ക്കല: ഗണേശോത്സവ ടെമ്പിള്‍ ട്രസ്റ്റിന്റെയും ഗണേശോത്സവ സമിതിയുടെയും നേതൃത്വത്തിലുള്ള ഗണേശോത്സവം ആഗസ്റ്റ് 20 ന് സമാപിക്കും. വര്‍ക്കല പാപനാശത്ത് ഗണേശ വിഗ്രഹ നിമജ്ഞന ലോഷയാത്രയോടെയാണ് ഗണേശോത്സവം സമാപിക്കുക. 20 ന് രാവിലെ 11 മണിക്ക് പൂജാ കേന്ദ്രങ്ങളില്‍ നിന്നും വിഗ്രഹങ്ങള്‍ അലങ്കരിച്ച് ഫ്ളോട്ടുകളായി ശ്രീ ശാര്‍ക്കര ക്ഷേത്രത്തില്‍ എത്തിച്ചേരുകയും അവിടെ നിന്നും ഘോഷയാത്രയായി ആറ്റിങ്ങല്‍ കല്ലമ്പലം വഴി വൈകുന്നേരം 7 മണിക്ക് വര്‍ക്കല പാപനാശം ബലി കടവില്‍ എത്തിച്ചേര്‍ന്ന് നിമജ്ഞന യജ്ഞത്തോടെ ഗണേശോത്സവം സമാപിക്കുകയും ചെയ്യും.

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളിധരന് നിര്‍വഹിക്കും. കേന്ദ്ര അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ചെയര്മാന് എസ്.കെ. മിത്തല്‍ മുഖ്യാതിഥിയാകും. ചടങ്ങില്‍ മുന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.പി.ചന്ദ്രമോഹന് അദ്ധ്യക്ഷത വഹിക്കും. ഡോ.എം.ജയരാജു (ചെയര്മാന്, എഞ്ചിനിയേഴ്സ് ഓഫ് ഇന്ത്യ) സ്വാഗതം ആശംസിക്കും. ട്രസ്റ്റ് എര്പ്പെടുത്തുന്ന വിനായക ചതുര്‍ത്ഥി പുരസ്കാരം ബോച്ചേ ഡോ.ബോബി ചെമ്മണ്ണൂരിന് നല്കി ആദരിക്കും.

ചെങ്കോട്ടുകോണം ആശ്രമം മഠാധിപതി ബ്രന്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, ശിവഗിരി മഠം ബ്രഹ്മശ്രീ വിശാലാനന്ദ സ്വാമികള്‍, ബ്രന്മയോഗിനി ശ്രീ ശ്രീ മാതാ അംബികാ ചൈതന്യമയി (ചിന്താമണി മാത്യപുരി, ഗുഢല്ലൂര്‍, മൈസൂര്‍) സ്വാമി അദ്വൈതാനന്ദപുരി, ഗണേശോത്സവ സമിതി പ്രസിഡന്റ് ബ്രഹ്മശ്രീ കിഴക്കില്ലം രാജേഷ് നമ്പൂതിരി, വ്യാപാരി വ്യവസായി ഏകോപന സമിതി ജോഷി ബാസു, തോട്ടയ്ക്കാട് ശശി വീരകേരളപുരം, ഉണ്ണികൃഷണന് ഇടവ പാലയ്ക്കാവ് ക്ഷേത്രം, ആദിത്യ ഗ്രൂപ്പ് എം.ഡി ദേശപാലന്‍ പ്രദീപ്, ഗണേശോത്സവ ടെബിള്‍ ട്രസ്റ്റ് ചെയര്മാന് വക്കം അജിത് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് 9 മണിക്ക് സന്ന്യാസിവര്യന്മാരുടെയും താന്ത്രികാചര്യന്മാരുടെയും നേതൃത്വത്തില്‍ നിമജ്ഞന ചടങ്ങുകള്‍ നടക്കും.
