Breaking News

പ്രൗഢഗംഭീരം; രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ദില്ലി: പ്രൗഢഗംഭീരമായ ചടങ്ങുകളോടെ രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ ഏഴരയോടെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് മോദി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് തുടങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

രാജ്യത്തെ യുവജനതയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. നിരന്തരമായ ഭീകരാക്രമണങ്ങള്‍ പഴങ്കഥയായെന്നും ഇപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ സുരക്ഷ അനുഭവിക്കുന്നുവെന്നും മോദി അവകാശപ്പെട്ടു. മണിപ്പൂര്‍ വിഷയവും മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പരാമര്‍ശിച്ചു. മണിപ്പൂര്‍ ഇപ്പോള്‍ ശാന്തമാണെന്നും മണിപ്പൂരിലെ ജനതയുടെ ക്ഷേമത്തിനുവേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മണിപ്പൂരിലുണ്ടായത് ഹിംസാത്മ പ്രവര്‍ത്തനങ്ങളാണ്. പെണ്‍മക്കളുടെയും അമ്മമാരുടെയും അഭിമാനത്തിന് മുറിവേറ്റു. നിരവധി പേര്‍ക്ക് മണിപ്പൂരില്‍ ജീവന്‍ നഷ്ടമായി എന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ ദിനാഘോഷ പ്രസംഗത്തില്‍ നിരവധി പദ്ധതികളും മോദി പ്രഖ്യാപിച്ചു. 25000 ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍, കരകൗശല മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് 15000 കോടി രൂപയുടെ വിശ്വകര്‍മ്മ യോജന, കാര്‍ഷിക മേഖലയില്‍ സ്ത്രീ സ്വയം സഹായ സംഘങ്ങള്‍ക്ക് ഡ്രോണ്‍ നല്‍കുകയും പ്രവര്‍ത്തന പരിശീലനം നല്‍കുകയും ചെയ്യുക തുടങ്ങിയ പദ്ധികളാണ് അദ്ദേഹം പ്രഖ്യാപിച്ചത്. വരുന്ന വിശ്വകര്‍മ്മ ജയന്തി ദിനത്തിലാകും വിശ്വകര്‍മ്മ യോജന പദ്ധതി തുടക്കം കുറിക്കുക. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍നിന്ന് മോചിതരായെന്നും അദ്ദേഹം പറഞ്ഞു.

ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് പറഞ്ഞ മോദി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും എന്നും 2047 ല്‍ ഇന്ത്യ വികസിത രാജ്യമാകും എന്നും ഉറപ്പുനല്‍കി. സ്ത്രീ ശാക്തീകരണത്തിലൂടെ രാജ്യത്തിന്റെ വികസനത്തിന് സ്ത്രീകളുടെ പങ്കാളിത്തം കൂടുതല്‍ സാധ്യമാക്കുമെന്ന് പറഞ്ഞ അദ്ദേഹം രണ്ട് കോടി സ്ത്രീകളെ ലക്ഷാധിപധികളാക്കുയെന്നതാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. രാജ്യത്തിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നത് വരെ തനിക്ക് വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിക്കാനും മോദി മറന്നില്ല. അഴിമതി, കുടുംബാധിപത്യം, പ്രീണനം തുടങ്ങിയ മൂന്ന് പാപങ്ങളില്‍നിന്ന് രാജ്യം മോചിതമാകുകയാണ്. കുടുംബാധിപത്യവും അഴിമതിയുമാണ് രാജ്യത്തെ ദുര്‍ബലമാക്കിയത്. അഴിമതി ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് രാജ്യം പ്രതിജ്ഞയെടുക്കണം. ക്ഷേമപദ്ധതികളുടെ 10 കോടി വ്യാജ ഗുണഭോക്താക്കളെ ഈ സര്‍ക്കാര്‍ ഒഴിവാക്കി. അനധികൃത സ്വത്ത് കണ്ടുകെട്ടല്‍ 20 ശതമാനം വര്‍ധിച്ചു-അദ്ദേഹം വിശദീകരിച്ചു. അടുത്ത വര്‍ഷം ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ രാജ്യത്തിന്റെ നേട്ടങ്ങളുടെ കണക്ക് ഞാന്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *