

തിരുവനന്തപുരം: 77-ാം സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ പതാക ഉയര്‍ത്തി. കഴിഞ്ഞ ഏഴ് വര്‍ഷത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം. രാജ്യത്തെ ഫെഡറല്‍ സംവിധാനവും മതനിരപേക്ഷ സ്വഭാവവും കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളെയും പോരാട്ടങ്ങളെയും പിണറായി വിജയന് അനുസ്മരിച്ചു.

2016-ല്‍ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനം 5.6 കോടി ആയിരുന്നത് കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് 10.17 കോടിയിലേക്ക് ഉയര്‍ന്നു. പ്രതിശീര്‍ഷ വരുമാനം 54 ശതമാനം ഉയര്‍ന്നു. കട ബാധ്യത കുറയ്ക്കാന്‍ സാധിച്ചു. 8300 കോടിയുടെ നിക്ഷേപവും മൂന്ന് ലക്ഷം തൊഴിലും കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കപ്പെട്ടു. ഐ.ടി മേഖലയും വികസനക്കുതിപ്പിലാണ്. 5 വര്‍ഷംകൊണ്ട് കിഫ്ബി മുഖേന 65,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ക്ഷേമപ്രവര്‍ത്തന രംഗത്തും സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തി-പിണറായി വിജയന് വിശദമാക്കി.

‘സ്വതന്ത്ര ഇന്ത്യയുടെ ആണിക്കല്ല് മതനിരപേക്ഷതയായിരിക്കുമെന്ന ഉറച്ച ബോധ്യമാണ് ദേശീയ സ്വാതന്ത്ര്യ സമര മുന്നേറ്റത്തിനുണ്ടായിരുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ സഹിഷ്ണുതയും സഹവര്‍ത്തിത്വവും പുലരുമെന്നാണ് നമ്മുടെ റിപ്പബ്ലിക്കിന്റെ ശില്‍പ്പികള്‍ വിഭാവനം ചെയ്തത്. എന്നാല്‍ മതനിരപേക്ഷതയ്ക്ക് മുറിവേല്‍ക്കുന്ന രീതിയില്‍ വര്‍ഗ്ഗീയ-വംശീയ ഭിന്നതകള്‍ റിപ്പബ്ലിക്കിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഘട്ടമാണിന്ന്. ഫെഡറല്‍ തത്വങ്ങളും വലിയ തോതില്‍ അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തില്‍ ഈ പ്രതിജ്ഞ നാം പുതുക്കേണ്ടതുണ്ട്’-സ്വാതന്ത്ര്യദിന ആശംസയില്‍ മുഖ്യമന്ത്രി പറഞ്ഞു.
