

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക്.സി.തോമസ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജില്ലാ നേതൃത്വം നിര്‍ദ്ദേശിച്ച ഒറ്റപ്പേര് സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നലെ അംഗീകരിച്ചിരുന്നു. തുടര്‍ച്ചയായ മൂന്നാം തവണയാണ് ജെയ്ക്.സി.തോമസ് പുതുപ്പള്ളിയില്‍ മത്സരത്തിനിറങ്ങുന്നത്. എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ പുതിപ്പള്ളിയില്‍ രാഷ്ട്രീയ പോര് ചൂടുപിടിച്ചു കഴിഞ്ഞു. ബി.ജെ.പി നേതൃത്വം നല്കുന്ന എന്‍.ഡി.എ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന.

2016ലും 2021ലും പുതുപ്പള്ളിയില്‍ ഇടത് മുന്നണിക്കുവേണ്ടി ജെയ്ക്.സി.തോമസ് മത്സരിച്ചിരുന്നു. എന്നാല്‍ രണ്ട് തവണയും പരാജയപ്പെടുകയായിരുന്നു. 2021 ല്‍ പരാജയപ്പെട്ടെങ്കിലും ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചത് സി.പി.എമ്മിനെയും ജെയ്ക്കിനെയും സംബന്ധിച്ച് രാഷ്ട്രീയ നേട്ടമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് ഇത്തവണയും ജെയ്ക്കിന് തന്നെ നറുക്കുവീണത്. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്ക്, എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇടതുമുന്നണിയും സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ചൂടുപിടിക്കുകയാണ്. ഉമ്മന്‍ചാണ്ടി അന്തരിച്ച് ദിവസങ്ങള്‍ക്കകം തന്നെ കോണ്‍ഗ്രസ് ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായി അനൗദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗവും ഭരണ വിരുദ്ധ വികാരവും വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസും യു.ഡി.എഫും ശ്രമിക്കുമ്പോള്‍ വികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളും എണ്ണിപ്പറഞ്ഞാകും ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തിറങ്ങുക.
