

ശിവഗിരി: അതിരില്ലാത്ത സാഹോദര്യത്തിന്റെ ലോകം തേടി ദക്ഷിണ കൊറിയന്‍ സഞ്ചാരി സിന്‍ഫിവാന്‍ ശിവഗിരിയില്‍. ജാതി-മത-ദേശ-കാല ചിന്തകള്‍ക്കതീതമായി മാനവസമൂഹം സാഹോദര്യത്തോടെ ജീവിക്കണമെന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് ദക്ഷിണ കൊറിയയില്‍ നിന്നും ലോകസഞ്ചാരം നടത്തി വരികയാണ് സിന്‍ഫിവാന്‍. ശ്രീനാരായണ ഗുരുദേവനെപ്പറ്റി അറിഞ്ഞിട്ടുണ്ടെങ്കിലും ഗുരുവിനേയും ഗുരുദര്‍ശനത്തേയും കുറിച്ച് കൂടുതല്‍ അറിയുന്നതിനാണ് ശിവഗിരി മഠത്തിലെത്തിയതെന്ന് സിന്‍ഫിവാന്‍ പറഞ്ഞു.

നേപ്പാള്‍ സന്ദര്‍ശിച്ച ശേഷം കേദാര്‍നാഥ്, ഋഷികേശ് എന്നിവിടങ്ങള്‍ പിന്നിട്ടാണ് സിന്‍ഫിവാന്‍ വര്‍ക്കലയിലെത്തിയത്. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളില്‍ ഇതിനോടകം ആകൃഷ്ടനായിരുന്ന സിന്‍ഫിവാന്‍ വര്‍ക്കല ബീച്ചില്‍ പരിചയപ്പെട്ട ഗൈഡില്‍നിന്ന് ശിവഗിരിയിലേക്കുള്ള വഴി മനസ്സിലാക്കിയാണ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഗുരുദേവ പാദസ്പര്‍ശമേറ്റ പുണ്യഭൂമിയിലെത്തിയത്. ലോകമൊട്ടാകെ നിരവധി സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ തന്നെ ശിവഗിരിയില്‍ അനുഭവപ്പെട്ട ശാന്തതയും പ്രകൃതി രമണീയതയും ആരാധനാരീതികളുമൊക്കെ വല്ലാതെ സ്വാധീനിച്ചുവെന്ന് സിന്‍ഫിവാന്‍ വ്യക്തമാക്കി.

മനുഷ്യരെല്ലാം ഒന്നാണെന്ന സങ്കല്‍പ്പം ശിവഗിരി മഠത്തില്‍ സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാനായി. ശിവഗിരിയില്‍ കഴിഞ്ഞ സമയം ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നു വന്നുപോകുന്നവരേയും ശ്രദ്ധയില്‍പ്പെട്ടു. ആര്‍ക്കും ആരും യാതൊരുവിധ നിയന്ത്രണങ്ങളും വിലക്കുകളും ഏര്‍പ്പെടുത്തിയിട്ടില്ല. എത്തിയ ദിവസം തന്നെ ശിവഗിരി മഠത്തിന്റെ ശാഖാസ്ഥാപനമായ കുമളി ചക്കുപള്ളം ശ്രീനാരായണ ധര്‍മ്മാശ്രമം സെക്രട്ടറി സ്വാമി ഗുരുപ്രകാശവുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തില്‍ നിന്നും ഏറെകാര്യങ്ങള് മനസ്സിലാക്കാനും കഴിയുകയുണ്ടായി-സിന്‍ഫിവാന്‍ പറഞ്ഞു.

സ്വാമിയുമായുള്ള കൂടിക്കാഴ്ചയിലൂടെ ഗുരുദേവനിലേക്കും ഗുരുദേവ ദര്ശനത്തിലേക്കും താന്‍ കൂടുതല്‍ അടുത്തുവെന്ന് സിന്‍ഫിവാന്‍ അഭിപ്രായപ്പെട്ടു. ഗുരുദേവ മഹാസമാധിയിലും ശാരദാമഠത്തിലും പര്‍ണ്ണശാലയിലും പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാനായത് മറക്കാനാവില്ല. താന്‍ സഞ്ചരിക്കുന്നിടത്തെല്ലാം ഗുരുദേവനെക്കുറിച്ച് അറിയിക്കാനും ഗുരുദര്‍ശനം പ്രചരിപ്പിക്കാനും ശ്രമിക്കും. ജാതി-മതഭേദ ചിന്തകളില്ലാതെ ഏവരേയും ഒന്നായി സ്വീകരിക്കുന്ന പുണ്യകേന്ദ്രമായ ശിവഗിരിയില്‍ വൈകാതെ വീണ്ടും എത്തുമെന്നും ശുഭാംഗാനന്ദ സ്വാമിയുമായുള്ള സംഭാഷണത്തില്‍ അദ്ദേഹം അറിയിച്ചു.
ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയുടെ അനുഗ്രഹം തേടുകയും ഉപദേശം സ്വീകരിക്കുകയും ചെയ്ത സിന്‍ഫിവാന്‍ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയില്‍ നിന്നും പര്‍ണ്ണശാലയ്ക്ക് മുന്നില്‍വച്ച് ഗുരുദേവ ചരിത്രം ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ സ്വീകരിച്ചാണ് മടക്കയാത്ര ആരംഭിച്ചത്.