Breaking News

ശിവഗിരിയില്‍ നവീകരിച്ച വൈദികമഠത്തില്‍ ഭക്തജനത്തിരക്ക്

ആറ്റിങ്ങല്‍ ശ്രീഗോകുലം പബ്ലിക് സ്‌കൂളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ശിവഗിരി വൈദികമഠത്തിന് സമീപം

ശിവഗിരി: നവീകരിച്ച് ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ലഭ്യമായ ശേഷം ശിവഗിരിയിലെ വൈദികമഠത്തിലേക്ക് ഭക്തരുടെ വന്‍സാന്നിദ്ധ്യം അനുഭവപ്പെടുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നുണ്ട്. നവീകരണ വേളയില്‍ രണ്ടുമാസം ഇവിടെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ടായിരുന്നില്ല.

ശിവഗിരിയിലെത്തുന്ന ഭക്തര്‍ക്ക് വൈദിക മഠത്തില്‍ പ്രാര്‍ത്ഥിക്കുക എന്നത് ഒഴിവാക്കാനാവില്ല. ഗുരുദേവന്റെ അദൃശ്യ സാന്നിദ്ധ്യം ഇപ്പോഴും അവിടെ ഭക്തമനസ്സില്‍ കുടികൊള്ളുന്നു. ഗുരുദേവന്‍ സ്ഥിരമായി വിശ്രമിച്ചിരുന്ന വൈദികമഠത്തില്‍ ഗുരുദേവ വിശ്വാസികളായ വൈദിക പരമ്പരയെ പരിശീലിപ്പിക്കാന്‍ സ്ഥാപിച്ചതാണ് വൈദികമഠം. ഗുരുദേവ ശിഷ്യ പ്രമുഖനായിരുന്ന ശങ്കരന്‍ പരദേശി ഇവിടെ നിന്നും വൈദികം പഠിച്ചതിന്റെ ശിഷ്യപ്രശിഷ്യ പരമ്പരയാണ് ഇന്ന് സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള വൈദികം. ഗുരുദേവന്‍ മഹാസമാധി പ്രാപിച്ചത് വൈദിക മഠത്തില്‍ വച്ചായിരുന്നു. ഗുരുദേവന്‍ ഉപയോഗിച്ചിരുന്ന കട്ടില്‍, കസേര, ഊന്നുവടി തുടങ്ങിയ ദിവ്യവസ്തുക്കള്‍ ഇവിടെ സംരക്ഷിച്ചുപോരുന്നു. ഒപ്പം കെടാവിളക്കും ഗുരുദേവ ചിത്രവും ഗുരുദേവ സാന്നിദ്ധ്യാനുഭവമാകുന്നു.

ശനി, ഞായര്‍ മറ്റ് പൊതുഒഴിവു ദിനങ്ങളില്‍ ഇവിടെ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി എത്തിച്ചേരുന്നവര്‍ അനവധിയാണ്. വിദ്യാലയങ്ങളില്‍ നിന്നും വന്നുപോകുന്ന വിദ്യാര്‍ത്ഥികള്‍ വൈദിക മഠത്തില്‍ മഹാത്മജിയും രവീന്ദ്രനാഥ ടാഗോറും ഉള്‍പ്പെടെയുള്ള മഹാന്‍മാര്‍ എത്തി ഗുരുദേവനെ ദര്‍ശിച്ചിരുന്നു എന്നുള്ളതും അവിടെ സൂക്ഷിച്ചിട്ടുള്ള ദിവ്യവസ്തുക്കളേയും പറ്റി കൂടുതല്‍ അറിയാന്‍ താല്‍പ്പര്യം തോന്നിപ്പിക്കുന്ന ഘടകമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *