

കല്ലമ്പലം: കരവാരം തോട്ടയ്ക്കാട് പബ്ലിക് മാര്‍ക്കറ്റ് ഏകപക്ഷീയമായി അടച്ചു പൂട്ടിയതിനെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ കരവാരം പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. രാവിലെ എട്ടുമണി മുതല്‍ ആരംഭിച്ച ഉപരോധ സമരം ഉച്ചയ്ക്ക് 12 മണി വരെ നീണ്ടു. ഉപരോധത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്കുപോലും ഓഫീസില്‍ കടക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി.

ആഴ്ചയില്‍ രണ്ടു ദിവസമാണ് നൂറ്റാണ്ടുകളായി ചന്തയില്‍ ഗേറ്റ് ഫീസ് പിരിച്ചിരുന്നത്. എന്നാല്‍ അത് മാറ്റി ദിവസവും പിരിക്കുവാനുള്ള തീരുമാനമാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. ഈ കോമ്പൗണ്ടിലാണ് പോസ്റ്റ് ഓഫീസും പൊതു ശൗചാലയവും ഉള്ളത്. കുറേ ദിവസങ്ങളായി പബ്ലിക് മാര്‍ക്കറ്റ് അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് പഞ്ചായത്തിന് മുന്നിലുള്ള പി.ഡബ്ല്യു.ഡി റോഡിലാണ് ചന്ത പ്രവര്‍ത്തിക്കുന്നത്. ഇതിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധ സമരം സംഘടിപ്പിച്ചത്.

കല്ലമ്പലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു പരിഹരിക്കുന്നന്നതിനായി അടിയന്തര പഞ്ചായത്ത് കമ്മിറ്റി ചേരാനും, സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ക്കുവാനും ധാരണയായി. ഇതോടെ സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചുവെന്ന് സമരക്കാരും അറിയിച്ചു.

ഉപരോധ സമരം അഡ്വ.വി.ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നാസര്‍ ചൈതന്യ അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്.എം.റഫീഖ് സ്വാഗതവും സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു. ഒ.എസ്.അംബിക എം.എല്‍.എ, മടവൂര്‍ അനില്‍, അനില്‍കുമാര്‍, തട്ടത്തുമല ജയചന്ദ്രന്‍, ടി.എന്‍.വിജയന്‍, സജീര്‍ രാജകുമാരി, ബേബി ഗിരിജ, കവിത, പ്രസീത, എം.കെ.രാധാകൃഷ്ണന്‍, എസ്.മധുസൂദന കുറുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.