

തിരുവനന്തപുരം: ഗണപതി മിത്താണെന്ന സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ നടന്ന നാമജപ ഘോഷയാത്രയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു. എ.എന്‍.ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ എന്‍.എസ്.എസിന്റെ ആഭിമുഖ്യത്തിലാണ് തിരുവനന്തപുരത്ത് നാമജപഘോഷയാത്ര സംഘടിപ്പിച്ചത്.

എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് ആയിരത്തിലധികം പേര്‍ക്കെതിരെ കേസ് എടുത്തത്. പോലീസിന്റെ നിര്‍ദേശം അവഗണിച്ച് അന്യായമായി സംഘം ചേര്‍ന്നു, കാല്‍നടയാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കി, മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

അതേസമയം, നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസെടുത്ത നടപടിയെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. വിനാശകാലേ വിപരീത ബുദ്ധിയെന്നാണ് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിച്ചത്. സര്‍ക്കാരിന് സമനില കൈവിട്ടിരിക്കുന്നുവെന്ന് പറഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സര്‍ക്കാരിന്റെ നിലപാട് വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണെന്നും വ്യക്തമാക്കി. സര്‍ക്കാരിന് വിവാദം കത്തിച്ച് നിര്‍ത്താനാണ് താല്‍പര്യമെന്നും അദ്ദേഹം ആരോപിച്ചു.

ഇങ്ങനെ ആണെങ്കില്‍ മുഴുവന്‍ വിശ്വാസികള്‍ക്ക് എതിരെയും കേസ് എടുക്കേണ്ടി വരുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. വിശ്വാസ പ്രശ്‌നത്തിലെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.