Breaking News

ആറ്റിങ്ങലില്‍ കോടികളുടെ തട്ടിപ്പ്: ആറംഗ സംഘത്തിനെതിരെ പരാതി; അന്വേഷണം

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറംഗ സംഘം കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പരാതി. തട്ടിപ്പിനിരയായ ആറ്റിങ്ങല്‍ സ്വദേശി ബൈജുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വെഞ്ഞാറമൂട് കോട്ടുകുന്നം പരമേശ്വരം പ്രിയാ ഭവനില്‍ പ്രിയ, ആറ്റിങ്ങല്‍ കുന്നുവാരം യാദവ് മന്‍സിലില്‍ അനൂപ്, ഇളമ്പ വാളക്കാട് വാഴവിള വീട്ടില്‍ സമീര്‍, ആറ്റിങ്ങല്‍ കുന്നുവാരം യാദവ് മന്‍സിലില്‍ അജിത്ത്, ആറ്റിങ്ങല്‍ സ്വദേശികളായ മല്ലിക, റഫീക്ക് എന്നിവര്‍ക്കെതിരെ ആറ്റിങ്ങല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പരാതിയില്‍ പറയുന്ന തട്ടിപ്പിന്റെ രീതി ഇങ്ങനെ: രണ്ടരക്കോടി രൂപയാണ് പ്രതികള്‍ പരാതിക്കാരനില്‍നിന്നും പലതവണകളായി തട്ടിയെടുത്തത്. സാമ്പത്തിക ഇടപാടിന്റെ പ്രാരംഭഘട്ടത്തില്‍ കൃത്യമായ ഇടപാടുകള്‍ നടത്തി പരാതിക്കാരന്റെ വിശ്വാസം ആര്‍ജ്ജിച്ചെടുത്ത ശേഷമാണ് പ്രതികള്‍ അതിസമര്‍ത്ഥമായി പരാതിക്കാരനില്‍നിന്ന് കോടികള്‍ തട്ടിയെടുത്തത്. കേസില്‍ ഒന്നാം പ്രതിയായ പ്രിയ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് എന്ന രീതിയിലാണ് തട്ടിപ്പിനിരയായ ബൈജുവിനെ സമീപിച്ചത്. തന്റെ പക്കലുള്ള സ്വര്‍ണ്ണ ശേഖരം കാണിച്ച് അത് വാങ്ങി വില്‍പന നടത്തിയാല്‍ വന്‍ തുക ലാഭവിഹിതമായി സ്വന്തമാക്കാമെന്ന് പ്രിയ ബൈജുവിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ മെയ് 16ന് ഒന്നാം പ്രതി പ്രിയ ബൈജുവിനെ വെഞ്ഞാറമൂട് പ്രവര്‍ത്തിക്കുന്ന നിലവറ ജൂവലറിയില്‍ എത്തിച്ച് അഞ്ച് ലക്ഷം രൂപയുടെ ഇടപാട് നടത്തി. ഇതിന്റെ ലാഭവിഹിതവും അന്നുതന്നെ ബൈജുവിന് നല്‍കി. ഇതോടെ പരാതിക്കാരനായ ബൈജുവിന് പ്രിയ പറഞ്ഞ കാര്യങ്ങളില്‍ വിശ്വാസ്യത കൈവന്നു. ഇത് മുതലാക്കി പ്രതികള്‍ പിന്നീടുള്ള നീക്കങ്ങള്‍ വേഗത്തിലാക്കി. തൊട്ടടുത്ത ദിവസം തന്നെ ബൈജുവിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്നും കേസിലെ പ്രതികളായ റഫീക്ക്, സമീര്‍ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് 16 ലക്ഷം രൂപ കൈമാറ്റം ചെയ്യാന്‍ ബൈജുവിനോട് ആവശ്യപ്പെട്ടു.

ഇതിന്‍പ്രകാരം പണം അയച്ചുകൊടുത്ത ബൈജുവിന് പ്രതികള്‍ നാലര പവന്റെ സ്വര്‍ണ്ണമാലയാണ് ലാഭവിഹിതമായി നല്‍കിയത്. ഇതോടെ ബൈജുവിന് ഇടപാടില്‍ കൂടുതല്‍ വിശ്വാസ്യത കൈവന്നു. തുടര്‍ന്ന് ഒന്നാം പ്രതി പ്രിയ കൂടുതല്‍ സ്വര്‍ണ്ണ ശേഖരം കാണിച്ച് അത് വാങ്ങി വില്‍ക്കുന്നതിനായി രണ്ടരക്കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. ഈ പണം സ്വരൂപിക്കാനായി മെയ് 18 ന് തന്നെ ബൈജു തന്റെ പേരിലുണ്ടായിരുന്ന രണ്ട് വീടുകള്‍ പ്രിയയുടെ നിര്‍ദേശപ്രകാരം പ്രതികളായ അനൂപിന്റെയും സമീറിന്റെയും പേരിലേക്ക് എഴുതി നല്‍കി. ബൈജുവിന്റെ ആഡംബര കാറും പ്രതികള്‍ വില്‍പന നടത്തി പണം കൈക്കലാക്കി. എന്നാല്‍, പണം തികയാത്തതിനാല്‍ ബൈജുവിന്റെ മൂന്ന് വീടുകള്‍ കൂടി പ്രതികളായ റഫീക്ക്, അജിത്ത്, മല്ലിക എന്നിവര്‍ സ്വന്തമാക്കി.

ഇതുകൂടാതെ ബൈജുവിന്റെ പക്കല്‍നിന്നും നിലവറ ജൂവലറിയുടെ അക്കൗണ്ടിലേക്കും മറ്റൊരു അക്കൗണ്ടിലേക്കും ഒന്നാം പ്രതി പ്രിയ ഏകദേശം 25 ലക്ഷത്തോളം കൈമാറ്റം നടത്തിച്ചു. ഇങ്ങനെ രണ്ടരക്കോടിയില്‍പരം രൂപ പ്രിയ ബൈജുവിന്റെ പക്കല്‍നിന്നും തട്ടിയെടുത്തു എന്നാണ് പരാതിയില്‍ പറയുന്നത്‌. കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പരാതിക്കാരനില്‍നിന്നും വിശദമായ മൊഴിയെടുത്ത ശേഷം ബാങ്ക് ഇടപാടുകളുടെ രേഖകളും ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ള രേഖകളും ശേഖരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണ ചുമതലയുള്ള പോലീസ് ഓഫീസര്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *