

തിരുവനന്തപുരം: ഗണപതി മിത്താണെന്ന പരാമര്‍ശത്തിന്റെ പേരില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മാപ്പ് പറയില്ലെന്നും തിരുത്തി പറയേണ്ട ആവശ്യമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സി.പി.എം മതവിശ്വാസത്തിന് എതിരല്ല. വിശ്വാസികളുടെയും വിശ്വാസികളല്ലാത്തവരുടെയും ജനാധിപത്യ അവകാശം സംരക്ഷിക്കുന്ന പ്രസ്ഥാനമാണ് സി.പി.എമ്മെന്നും ആ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസി വിശ്വാസിയായും അവിശ്വാസി അവിശ്വാസി ആയും ജീവിക്കട്ടെ. അതുപോലെ ചരിത്രം ചരിത്രമായും മിത്ത് മിത്തായും വിശ്വാസം വിശ്വാസമായും കാണണം. അതൊന്നും രാഷ്ട്രീയമായി ഉപയോഗിക്കുന്ന നിലപാട് ശരിയല്ല. ഷംസീറിലൂടെ ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത് വര്‍ഗ്ഗീയതയാണെന്നും ഈ വിവാദങ്ങളുടെയെല്ലാം ലക്ഷ്യം 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

ഗണപതി ശാസ്ത്രം ആണെന്ന് പറയാനാകുമോയെന്നും എം.വി.ഗോവിന്ദന് ചോദിച്ചു. ഗണപതി ക്ഷേത്രത്തില്‍ പോയി വഴിപാട് നടത്തുന്നതില്‍ പാര്‍ട്ടിക്ക് എതിരഭിപ്രായം ഇല്ല. പക്ഷെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നില്ലേയെന്ന് സ്വയം പരിശോധിക്കാന്‍ എന്‍എസ്എസ് തയാറാകണമെന്നും അദ്ദേഹം പ്രതികരിച്ചു. വിശ്വാസികള്‍ക്ക് അഭിപ്രായം പറയാം. എന്നാല്‍ വിശ്വാസത്തെ വിമര്‍ശിച്ചാല്‍ ഹിന്ദുക്കള്‍ക്കും വിശ്വാസികള്‍ക്കുമെതിരാണെന്ന പ്രചാരവേല ശരിയല്ല.

വിശ്വാസികള്‍ക്ക് അവരുടെ രീതിയില്‍ പ്രതിഷേധിക്കാം. എന്നാല്‍ ആരുടെയും നേരെ കുതിരകയറാനൊന്നും വരേണ്ട. സഹിഷ്ണുതയോടെ കേള്‍ക്കുകയും പറയുകയും മനസിലാക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവണം എന്നാണ് പറയാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര താത്പര്യം അടിസ്ഥാനമാക്കി മനുഷ്യ സമൂഹത്തിന്റെ മുന്നോട്ട് പോക്കിന് നൂതന ആശയങ്ങളെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ലെന്നും എം.വി.ഗോവിന്ദന് വ്യക്തമാക്കി.