
തിരുവനന്തപുരം: തന്റെ പ്രസ്താവന ഭരണഘടനാപരമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. ഗണപതി മിത്താണെന്ന വിവാദ പ്രസ്താവനയിലാണ് എ.എന്‍.ഷംസീര്‍ നിലപാട് വ്യക്തമാക്കിയത്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ഷംസീര്‍ വിവാദ പ്രസ്താവനയെ കുറിച്ച് പ്രതികരിച്ചത്. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ് ഞാന്‍. വിശ്വാസി സമൂഹത്തിന് എതിരല്ല. ഒരു വിശ്വാസിയേയും വ്രണപ്പെടുത്താന്‍ ആഗ്രഹിച്ചിട്ടില്ല-അദ്ദേഹം പറഞ്ഞു.

എന്റെ പരാമര്‍ശം ഒരു മത വിശ്വാസിയെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല. ശാസ്ത്രീയതയെ പ്രോത്സാഹിപ്പിക്കണമെന്നത് ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള കാര്യമാണ്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നയാള്‍ എന്ന നിലയില്‍ ശാസ്ത്രീയതയെ കുറിച്ച് പറയുമ്പോള്‍ അതെങ്ങനെയാണ് മത വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാകുന്നത് എന്നും ഷംസീര്‍ ചോദിച്ചു. തന്റെ മതേതര മൂല്യങ്ങളിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും സ്പീക്കറായി തന്നെ കെട്ടിയിറക്കിയതല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

സംഘപരിവാര്‍ പലതും പ്രചരിപ്പിക്കുന്നുണ്ട്. അത് വെറുപ്പിന്റെ പ്രചാരണമാണ്. രാജ്യമൊട്ടാകെ അവരത് ചെയ്യുന്നുണ്ട്. കേരളത്തിലും അവരത് ചെയ്യുന്നു. കേരള ജനത അതെല്ലാം തള്ളിക്കളയും. വിശ്വാസികള്‍ തനിക്കൊപ്പമാണ്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്‍.എസ്.എസിനും പ്രതിഷേധിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. തന്റെ പ്രസംഗത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമത്തില്‍ വിശ്വാസികള്‍ പെട്ടുപോകരുത്. എന്‍.എസ്.എസ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല-അദ്ദേഹം വ്യക്തമാക്കി.

