Breaking News

15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ വില്‍പന നടത്തി; ദമ്പതികള്‍ പിടിയില്‍

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ ദൃശ്യങ്ങള്‍ വില്‍പന നടത്തിയ ദമ്പതികള്‍ പിടിയില്‍. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു(31), ഭാര്യ സ്വീറ്റി(20)എന്നിവരാണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ വില്‍പന നടത്തിയത്. നിരവധി പേരാണ് പ്രതികളില്‍നിന്ന് പീഡന ദൃശ്യങ്ങള്‍ വാങ്ങിയിട്ടുള്ളത്. ഫോട്ടോക്ക് 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെയും ദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും പ്രതികള്‍ ആവശ്യക്കാരില്‍ നിന്നും ഈടാക്കിയതായി പൊലീസ് പറയുന്നു.

ഈ വര്‍ഷം ആദ്യം മുതലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തിയാണ് പ്രതി വിഷ്ണു പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങള്‍ ഭാര്യയെ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ഇന്‍സ്റ്റാഗ്രാം വഴി ഷെയര്‍ ചെയ്യുകയും ചെയ്തു. വിഷ്ണുവിനെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടി പരിചയപ്പെട്ടത്. തുടര്‍ന്ന് സ്വന്തം ചിത്രങ്ങളും ദൃശ്യങ്ങളും പരസ്പരം അയച്ചു നല്‍കി ഇരുവരും സൗഹൃദം തുടങ്ങി.

സ്വീറ്റിയുമായുള്ള വിവാഹ ശേഷവും വിഷ്ണു പെണ്‍കുട്ടിയുമായി ബന്ധം തുടരുകയായിരുന്നു. ഇതിനായി പെണ്‍കുട്ടിയുടെ വീടിനു സമീപം വാടകയ്ക്ക് താമസം തുടങ്ങി. ബി.കോം ബിരുദധാരിയായ സ്വീറ്റിയെക്കൊണ്ട് ട്യൂഷന്‍ എടുപ്പിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗിക പീഡനം തുടങ്ങി. ആദ്യം എതിര്‍ത്ത സ്വീറ്റി പിന്നീട് കൂട്ടുനില്‍ക്കുകയും ഭര്‍ത്താവുമൊന്നിച്ചിട്ടുള്ള പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങളും ദൃശ്യങ്ങളും ആവശ്യക്കാര്‍ക്കെത്തിക്കുകയും ചെയ്തു. ഇങ്ങനെ ലഭിക്കുന്ന പണം ഗൂഗിള്‍ പേ വഴി വിഷ്ണുവിന്റെ അക്കൗണ്ടിലേക്കായിരുന്നു വന്നിരുന്നത്.

ഇന്‍സ്റ്റഗ്രാം വഴി സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി ആദ്യം വിവരം അറിയിച്ചത് സഹപാഠിയെ ആയിരുന്നു. സഹപാഠി അധ്യാപികയേയും അധ്യാപിക ചൈല്‍ഡ് ലൈനേയും അതുവഴി പൊലീസിലും പരാതി നല്‍കുകയായിരുന്നു. ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയെക്കൊണ്ട് ചിത്രീകരിപ്പിച്ചെന്നായിരുന്നു പൊലീസിന് ആദ്യം കിട്ടിയ വിവരം. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ലൈംഗിക പീഡനത്തിന്റേയും ഓണ്‍ലൈന്‍ ദൃശ്യ വാണിഭത്തിന്റേയും ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിലേക്ക് പൊലീസ് എത്തിയത്. പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പണം കൊടുത്ത് വാങ്ങിയവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ദൃശ്യങ്ങളെടുത്ത മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി. അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടിയുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *