Breaking News

”പിണറായി സര്‍ക്കാരിന്റേത് പ്രതികാര നടപടി”: വര്‍ക്കലയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്

വര്‍ക്കല: പിണറായി സര്‍ക്കാര്‍ പ്രതികാര നടപടികളില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് വര്‍ക്കലയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. കോണ്‍ഗ്രസ് നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നുവെന്ന ആരോപണയം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് വര്‍ക്കല പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. വര്‍ക്കല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. രാവിലെ 11 മണിക്ക് വര്‍ക്കല റെയില്‍വേ സ്റ്റേഷന് മുന്നില്‍നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍ ഉദ്ഘാടനം ചെയ്തു.

പിണറായി സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ കള്ളക്കേസില്‍ കുടുക്കി അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് വര്‍ക്കല കഹാര്‍ ആരോപിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസ് എടുത്തത് പ്രതികാര നടപടിയുടെ ഭാഗമായാണ്. മോന്‍സന്‍ മാവുങ്കല്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ അടുത്ത മുറിയില്‍ കെ.സുധാകരന്‍ ഉണ്ടായിരുന്നു എന്നാരോപിച്ചാണ് അദ്ദേഹത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. എന്നാല്‍, അങ്ങനെയൊരു ആരോപണം പെണ്‍കുട്ടിയോ പെണ്‍കുട്ടിയുടെ മാതാപിതാക്കളോ ഉന്നയിച്ചില്ല. എഫ്.ഐ.ആറില്‍ അങ്ങനെ പറയുന്നുമില്ല. എന്നിട്ടും കെ.സുധാകരനനെതിരെ അത്തരമൊരു കേസെടുത്തത് പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്ത നടപടിയെയും വര്‍ക്കല കഹാര്‍ വിമര്‍ശിച്ചു. കരുണാകരന്‍, എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ കേരളത്തില്‍ മുഖ്യമന്ത്രിമാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ ആരുംതന്നെ പിണറായി വിജയനെപ്പോലെ അഹങ്കാരത്തിന്റെ കൊടുമുടിയില്‍ നിന്നുകൊണ്ട് പ്രതിപക്ഷത്തിനെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും പ്രതികാര നടപടികള്‍ സ്വീകരിച്ചിട്ടില്ല. അത് രാഷ്ട്രീയ മര്യാദയാണ്. എന്നാല്‍ ആ മര്യാദ പിണറായി സര്‍ക്കാര്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

അപ്രിയ ശബ്ദങ്ങളെ അമര്‍ച്ച ചെയ്യാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അത് അനുവദിച്ചുതരില്ലെന്ന് വ്യക്തമാക്കിയ വര്‍ക്കല കഹാര്‍ മൈക്കിനെതിരെ പോലും കേസെടുക്കുന്ന സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്നും പരിഹസിച്ചു. ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ ചടങ്ങില്‍ മൈക്ക് തകരാര്‍ സംഭവിച്ചതിന് മൈക്ക് ഓപ്പറേറ്റര്‍ക്കെതിരെ കേസെടുത്ത നടപടി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. മൈക്ക് ഓപ്പറേറ്റര്‍ക്കെതിരെ എടുത്ത കേസില്‍ തുടര്‍ നടപടികള്‍ വേണ്ടായെന്ന് പിന്നീട് മുഖ്യമന്ത്രി തന്നെ നിര്‍ദേശം നല്‍കിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *