Breaking News

അപൂര്‍വ്വ രോഗം: പതിനാലുകാരി രക്തമൂലകോശ ദാതാവിനെ തേടുന്നു

കിളിമാനൂര്‍: അപൂര്‍വ്വ രോഗം ബാധിച്ച പതിനാലുകാരി രക്തമൂലകോശ ദാതാവിനെ തേടുന്നു. തിരുവനന്തപുരം കിളിമാനൂര്‍ പോങ്ങനാട് ഗവ.ഹൈസ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഹര്‍ഷ(14)യ്ക്കാണ് മൈലോ ഡിസ്പ്ലാസ്റ്റിക് സിന്‍ഡ്രോം (എം.ഡി.എസ്) എന്ന അപൂര്‍വ്വ രോഗം ബാധിച്ചത്. രണ്ട് മാസം മുമ്പാണ് ഹര്‍ഷയ്ക്ക് ഈ അപൂര്‍വ്വരോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കീമോതെറാപ്പി ചികിത്സയിലാണ് ഹര്‍ഷ.

കിളിമാനൂര്‍ മലയാമഠം എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടന്ന ക്യാമ്പില്‍ നിന്ന്‌

ഈ രോഗത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്ന ഏക ചികിത്സാവിധി ബ്ലഡ് സ്‌റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ മാത്രമാണ്. എച്ച്.എല്‍.എ സാമ്യമുള്ള ഒരു രക്തമൂലകോശ ദാതാവിനെ കണ്ടെത്തിയാല്‍ മാത്രമേ ഇനി ചികിത്സ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. ഒരു രക്തമൂലകോശ ദാതാവിനെ ലഭിക്കുന്നതിനുള്ള സാധ്യത പതിനായിരത്തില്‍ ഒന്ന് മുതല്‍ ഇരുപത് ലക്ഷത്തില്‍ ഒന്ന് വരെയാണ്. ഹര്‍ഷയുടെ മാതാപിതാക്കളും സഹോദരങ്ങളും ഉള്‍പ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങളില്‍നിന്നോ, വിവിധ രാജ്യങ്ങളിലായി ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ ദാതാക്കളില്‍ നിന്നോ ഹര്‍ഷയുടേതുമായി യോജിക്കുന്ന രക്തമൂലകോശ ദാതാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സാമ്യമുള്ള രക്തമൂലകോശ ദാതാവിനെ കണ്ടെത്തിയാല്‍ മാത്രമേ ചികിത്സ സാധ്യമാകുകയുള്ളൂ.

ഹര്‍ഷയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി പരമാവധി ഡോണര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് രക്തമൂലകോശ ദാതാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഒരു രക്തമൂലകോശ ദാതാവിനെ ലഭിക്കുന്നതിനുള്ള സാധ്യത പതിനായിരത്തില്‍ ഒന്ന് മുതല്‍ ഇരുപത് ലക്ഷത്തില്‍ ഒന്ന് വരെയാണ് എന്നതുകൊണ്ടുതന്നെ അത് വെറുമൊരു ശ്രമം എന്നതിലുപരി യജ്ഞതുല്യമായ പ്രവര്‍ത്തമാണ്. 18 നും 50 നും ഇടയില്‍ പ്രായമുള്ളവരും മിനിമം 40 കിലോ ശരീരഭാരവുമുള്ള സ്ത്രീ പുരുഷന്മാര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ജൂലൈ 28 ന് രാവിലെ 10 മുതല്‍ വൈകിട്ട 5 വരെ കിളിമാനൂര്‍ മലയാമഠം എന്‍.എസ്.എസ് കരയോഗം ഹാളില്‍ ഒരു ക്യാമ്പ് നടന്നു കഴിഞ്ഞു. ജൂലൈ 30 ന് രാവിലെ 10 മുതല്‍ വൈകിട്ട 5 വരെ മടവൂര്‍ ഗവ.എല്‍.പി സ്‌കൂളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. വിശദവിവരങ്ങള്‍ക്ക്: 78 24 83 33 67.

Related posts

Leave a Reply

Your email address will not be published. Required fields are marked *