


വര്‍ക്കല: വര്‍ക്കല ഇടവ ഗവണ്മെന്റ് മുസ്ലിം യു.പി സ്കൂളില്‍ പുതിയ സ്കൂള്‍ കെട്ടിടത്തിന്റെയും സ്മാര്‍ട്ട് ക്ലാസ് റൂമിന്റെയും ഉദ്ഘാടനം ആഗസ്റ്റ് 3 ന്. രാവിലെ 9.30ന് വര്‍ക്കല എം.എല്‍.എ അഡ്വ.വി.ജോയിയുടെ അധ്യക്ഷതയില്‍ കൂടുന്ന പൊതുയോഗത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍നിന്നും പണം അനുവദിച്ച് 2020 ആഗസ്റ്റില്‍ നിര്‍മ്മാണം തുടങ്ങിയ കെട്ടിടത്തിന്റെ ആദ്യ ഘട്ടം സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയിരുന്നു. 2022 നവംബറില്‍ നിര്‍മ്മാണം തുടങ്ങിയ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

പ്രവേശന കവാടം, ഓഫീസ് മുറി, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, സയന്‍സ് പാര്‍ക്ക്, സയന്‍സ് ലാബ് എന്നിങ്ങനെ 12 മുറികളാണ് പുതിയ കെട്ടിടത്തിലുള്ളത്. രണ്ട് ഘട്ടമായി 1.75 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ഇതിന് പുറമേ ഇടവ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കി. അതിമനോഹരമായ രീതിയില്‍ പ്രൈമറി ക്ലാസുകള്‍ മോടി പിടിപ്പിച്ചിട്ടുണ്ട്. കൊച്ചുകുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളും ആകര്‍ഷകമായ നിറക്കൂട്ടുകളും സമന്വയിപ്പിച്ചാണ് പ്രൈമറി ക്ലാസുകള്‍ മോടി പിടിപ്പിച്ചിരിക്കുന്നത്. ഇടവ പഞ്ചായത്തിലെ ഏക സമ്പൂര്‍ണ്ണ ഹൈടെക് വിദ്യാലയമാണ് ഇടവ ഗവണ്മെന്റ് മുസ്ലിം യു.പി സ്കൂള്‍.

