Breaking News

മൈക്ക് തകരാറിലായ സംഭവം; കേസ് വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ ചടങ്ങിനിടെ മൈക്ക് തകരാറിലായ സംഭവത്തില്‍ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഈ സംഭവത്തിന്മേല്‍ തുടര്‍ നടപടികള്‍ വേണ്ടെന്നും സുരക്ഷാ വീഴ്ച ഉണ്ടായോയെന്ന് പരിശോധിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മൈക്ക് തകരാറിലായതും തുടര്‍ നടപടികളും വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

മൈക്ക് തകരാറിലായ സംഭവത്തില്‍ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രി പ്രസംഗത്തിനായി ഉപയോഗിച്ചിരുന്ന മൈക്കില്‍ ഹൗളിങ്ങ് വരുത്തി പ്രസംഗത്തിന് തടസം വരുത്തിയെന്നും അത് പൊതു സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിപ്പിച്ച് പ്രതി കേരള പോലീസ് ആക്ട് 118(ഇ) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്. എന്നാല്‍, പ്രതിയുടെ പേര് വ്യക്തമാക്കിയിട്ടില്ല. ഇതിന് മുമ്പും മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കിന് തകരാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ കേസെടുത്തിട്ടില്ല.

മൈക്ക് കേടായ വിഷയത്തില്‍ കേസെടുത്തതിനെ പരിഹസിച്ചും വിമര്‍ശിച്ചും കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്തത് ഒരു ഭരണാധികാരി പാതാളത്തോളം തരംതാഴുന്നത് കൊണ്ടാണെന്ന് ആയിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പ്രതികരിച്ചത്. ഒരു മൈക്കിനെപ്പോലും ഭയപ്പെടുന്ന ഭീരുവായ മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത ഒരു അതിഥി കാരണം മൈക്ക് ഓപ്പറേറ്റര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ചത്.

അതേസമയം, സംഭവത്തില്‍ ദുരൂഹത ആരോപിച്ച് സി.പി.എം നേതാവ് എ.കെ.ബാലന്‍ രംഗത്തെത്തിയിരുന്നു. അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ചതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് തന്നെ അതൃപ്തിയുണ്ടായിരുന്നു. ആ സമയത്ത് ഉയര്‍ന്ന മുദ്രാവാക്യം വിളിക്ക് പിന്നാലെ വി.ടി.ബല്‍റാമും കോണ്‍ഗ്രസ് പ്രസിഡന്റും എഴുന്നേറ്റ് നിന്ന് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. തുടര്‍ന്നാണ് മൈക്ക് ഓഫ് ആയത്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഒരു പന്തികേട് സാധാരണഗതിയില്‍ തോന്നുമെന്നും ഇക്കാര്യത്തില്‍ സത്യാവസ്ഥ വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസ് ആണെന്നുമാണ് എ.കെ.ബാലന്‍ പറഞ്ഞത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *