

ദില്ലി: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-3 അതിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥം ഉയര്‍ത്തി. ഇതോടെ വിജയത്തിലേക്ക് ഒരുപടികൂടി അടുത്തിരിക്കുകയാണ് ചന്ദ്രയാന്‍ ദൗത്യം. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കുന്നതിന് മുമ്പുള്ള അവസാന ഭ്രമണപഥ മാറ്റം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയിലാണ് നടത്തിയത്. ഈ ഘട്ടം കൂടി വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ആഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും.

ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിക്കുന്ന പേടകവും ചന്ദ്രനും തമ്മിലുള്ള ദൂരം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരും. ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാല്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും ലാന്‍ഡറും തമ്മില്‍ വേര്‍പ്പെടും. ആഗസ്റ്റ് 17 നായിരിക്കും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും ലാന്‍ഡറും തമ്മില്‍ വേര്‍പ്പെടുന്നത്. പിന്നെയുള്ള പ്രധാന ഘട്ടമാണ് സോഫ്റ്റ് ലാന്‍ഡിംഗ്. ബംഗളൂരു ഇസ്ട്രാക്കിലെ കണ്ട്രോള് സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മാന്‍സിനസ് യു ഗര്‍ത്തത്തിന് അടുത്താണ് ചന്ദ്രയാന്‍ ലാന്‍ഡര്‍ ഇറങ്ങുക.

ലാന്‍ഡിങ്ങ് കഴിഞ്ഞാല്‍ റോവര്‍ പുറത്തേക്ക് വരും. ലാന്‍ഡറിലെ ശാസ്ത്ര ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകല്‍ നേരമാണ് ലാന്‍ഡറിന്റെയും റോവറിന്റെയും ദൗത്യ കാലാവധി. ആ പതിനാല് ദിവസം കൊണ്ട് പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. ആഗസ്റ്റ് 23ന് വൈകിട്ട് 5.47 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാന്‍ഡിങ്ങ്.