Breaking News

പാര്‍ലമെന്ററി പാനല്‍ യോഗത്തില്‍ മണിപ്പൂര്‍ ചര്‍ച്ചയായില്ല; പ്രതിപക്ഷ എം.പിമാര്‍ ഇറങ്ങിപ്പോയി

ഡല്‍ഹി: പാര്‍ലമെന്ററി പാനല്‍ യോഗത്തില്‍ മണിപ്പൂര്‍ കലാപം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരസിക്കപ്പെട്ടതോടെ പ്രതിപക്ഷ എം.പിമാര്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ജയിലുകളിലെ വ്യവസ്ഥകള്‍, സൗകര്യങ്ങള്‍, നടപ്പില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങള്‍ എന്നീ വിഷയങ്ങളില്‍ തമിഴ്‌നാട്, തെലുങ്കാന, ആന്ധ്രപ്രദേശ് സര്‍ക്കാരുകളുടെ അഭിപ്രായം തേടാനായിരുന്നു ഇന്ന് രാവിലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ മണിപ്പൂര്‍ കലാപം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടി എം.പിമാര്‍ ശക്തമായി ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് എം.പിമാരായ ദിഗ്‌വിജയ് സിംഗ്, പ്രദീപ് ഭട്ടാചാര്യ, തൃണമൂല്‍ എം.പിയായ ഡെറിക് ഒബ്രിയാന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എം.പിമാര്‍ യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയത്.

മണിപ്പൂരില്‍ മെയ്തി വിഭാഗത്തെ സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ തുടങ്ങിയ കലാപം രണ്ട് മാസം പിന്നിട്ടിട്ടും രൂക്ഷമായിത്തന്നെ നിലനില്‍ക്കുകയാണ്. ബി.ജെ.പി നേതൃത്വം കലാപം ശമിപ്പിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വാദം. മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ ഇടപെടലുകളാണ് കലാപം രൂക്ഷമാക്കിയതെന്നും ബി.ജെ.പി വിഷയം ജനങ്ങളില്‍ വര്‍ഗ്ഗീയ വേര്‍തിരിവ് ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിലെ കലാപബാധിത മേഖലകള്‍ സന്ദര്‍ശിച്ച് നടത്തിയ ചര്‍ച്ചകള്‍ പരാജയമാണെന്ന് പറഞ്ഞ പ്രതിപക്ഷം ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെയും ശക്തമായി അപലപിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *