Breaking News

നിയമസഭാ കയ്യാങ്കളിക്കേസ്: തുടരന്വേഷിക്കാമെന്നു കോടതി, 60 ദിവസം സമയപരിധി

തിരുവനന്തപുരം: കര്‍ശന ഉപാധികളോടെ നിയമസഭാ കയ്യാങ്കളിക്കേസ് തുടരന്വേഷിക്കാമെന്ന് തിരുവനന്തപുരം സി.ജെ.എം കോടതി. അറുപതു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം, മൂന്നാഴ്ച കൂടുമ്പോള്‍ അന്വേഷണത്തിന്റെ പുരോഗതി കോടതിയെ ബോധ്യപ്പെടുത്തണം എന്നീ ഉപാധികളോടെയാണ് കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയത്. കേസില്‍ വിചാരണ തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് നിയമസഭ കയ്യാങ്കളിയില്‍ തുടരന്വേഷണമാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. കേസ് തള്ളണമെന്നാവശ്യപ്പെട്ട് മന്ത്രി വി.ശിവന്‍കുട്ടിയടക്കമുള്ള പ്രതികള്‍ സുപ്രീംകോടതി വരെ പോയെങ്കിലും ഫലമുണ്ടായില്ല.

വിചാരണ നീട്ടിക്കൊണ്ടുപോകുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ് നാടകീയമായി പൊലീസ് തുടരന്വേഷണ ആവശ്യവുമായി കോടതിയെ സമീപിച്ചത്. തുടരന്വേഷണം അനുവദിച്ച സാഹചര്യത്തില്‍ ക്രൈബ്രാഞ്ചിന്റെ പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസിലെ വിചാരണയില്‍ തീരുമാനമാകുക. മന്ത്രി വി.ശിവന്‍കുട്ടി, ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. തുടരന്വേഷണം അനുവദിച്ചുവെങ്കിലും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സമയപരിധി നിശ്ചയിച്ചതും കൃത്യമായ ഇടവേളകളില്‍ അന്വേഷണ പുരോഗതി പരിശോധിക്കുമെന്ന് നിബന്ധന വച്ചതും വിചാരണ നീട്ടിക്കൊണ്ടുപോകുകയെന്ന തന്ത്രത്തിനേറ്റ തിരിച്ചടിയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *