Breaking News

അവസ്ഥ മാറി, കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ ജോസ്.കെ.മാണി

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടത് മുന്നണിയില്‍ വിലപേശലിന് തയാറെടുത്ത് കേരള കോണ്‍ഗ്രസ് (എം) ജോസ്.കെ.മാണി വിഭാഗം. കേരള കോണ്‍ഗ്രസ് (എം) ജോസ്.കെ.മാണി വിഭാഗം കോട്ടയം സീറ്റിന് പുറമേ ഇടുക്കിയും പത്തനംതിട്ടയുമാണ് ലക്ഷ്യം വയ്ക്കുന്നത്. രണ്ട് സീറ്റിനുവേണ്ടി വിലപേശി ഒരെണ്ണമെങ്കിലും നേടിയെടുക്കുക എന്ന തന്ത്രമാണ് ഇതിന് പിന്നില്‍. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന പാര്‍ട്ടി പരിപാടിയില്‍ ഔദ്യോഗികമായല്ലെങ്കിലും കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യം അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്ന് ജോസ്.കെ.മാണി പറഞ്ഞത് വിലപേശലിന്റെ സൂചനയാണ്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേരളാ കോണ്‍ഗ്രസ് ഒപ്പം കൂടിയതോടെ മധ്യകേരളത്തില്‍ എല്‍.ഡി.എഫിന് വലിയ നേട്ടമുണ്ടാക്കാനായി എന്നാണ് സി.പി.എമ്മിന്റെ അഭിപ്രായം. ഇത് മുതലെടുക്കാനാണ് ജോസ്.കെ.മാണിയും കൂട്ടരും ശ്രമിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇടത് മുന്നണിക്ക് കാര്യമായ രീതിയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ തങ്ങളിലൂടെ സാധിച്ചുവെന്നും ഇത് അവകാശം ചോദിച്ച് വാങ്ങാനുള്ള സമയമാണെന്നുമുള്ള കണക്കുകൂട്ടലാണ് ജോസ്.കെ.മാണിക്കും കൂട്ടര്‍ക്കുമുള്ളത്.

അതേസമയം, ഇടത് മുന്നണിയില്‍ കേരള കോണ്‍ഗ്രസ് (എം) ജോസ്.കെ.മാണി വിഭാഗത്തിന്റെ ആവശ്യം ഏത് തരത്തിലുള്ള അനുരണനങ്ങള്‍ ഉണ്ടാക്കുമെന്നതാണ് പ്രധാനം. ജോസ്.കെ.മാണിയുടെ കടന്നുവരവ് ഇടത് മുന്നണിയില്‍ അഭിപ്രായ ഭിന്നതകള്‍ സൃഷ്ടിച്ചിരുന്നു. സി.പി.ഐയുടെ ഭാഗത്തുനിന്ന് കടുത്ത എതിര്‍പ്പാണ് ഇടത് മുന്നണിയില്‍ ഉണ്ടായത്. മുന്നണിയിലെ പ്രധാനപ്പെട്ട രണ്ടാമത്തെ പാര്‍ട്ടിയെന്ന തങ്ങളുടെ പദവിക്ക് കോട്ടമുണ്ടാക്കുമോയെന്നതായിരുന്നു സി.പി.ഐയുടെ എതിര്‍പ്പിന് പ്രധാന കാരണം. ഇപ്പോള്‍, കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനുള്ള തീരുമാനം ഇടത് മുന്നണിയില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ക്ക് വഴിവച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *