

ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരില്‍ നാടകീയരംഗങ്ങള്‍. മണിപ്പൂരില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ പോലീസ് വഴിയില്‍ തടഞ്ഞതോടെ പ്രതിഷേധം ശക്തമായി. നൂറുകണക്കിന് സ്ത്രീകള്‍ ഉള്‍പ്പെട്ട പ്രതിഷേധക്കാരെ തുരത്താന്‍ മണിപ്പൂര്‍ പോലീസ് കണ്ണീര് വാതക പ്രയോഗം നടത്തിയ പോലീസ് ആകാശത്തേക്ക് വെടിയുമുതിര്‍ത്തു. ഇതോടെ രാഹുല്‍ ഗാന്ധി യാത്ര പുറപ്പെട്ട ഇംഫാലിലേക്ക് തന്നെ തിരിച്ചുപോയി.

സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് രാഹുലിനെ തടഞ്ഞതെന്ന് മണിപ്പൂര്‍ പോലീസ് അറിയിച്ചു. റോഡ് മാര്‍ഗ്ഗമല്ലാതെ ആകാശമാര്‍ഗ്ഗം രാഹുല്‍ ഗാന്ധിക്ക് യാത്ര തുടരാമെന്നാണ് പോലീസ് നിലപാട്. കലാപം രൂക്ഷമായ ചുരാചന്ദ്പൂരിലേക്ക് പോകവേ ബിഷ്ണുപൂരില്‍ വച്ചാണ് പോലീസ് രാഹുലിനെ തടഞ്ഞത്. കോണ്‍ഗ്രസ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.

അതേസമയം, സംസ്ഥാനരിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മുഖ്യമന്ത്രി ബിരോണ്‍ സിംഗിന്റെ നിര്‍ദേശപ്രകാരമാണ് രാഹുലിനെ മണിപ്പൂര്‍ പോലീസ് തടഞ്ഞതെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് പ്രശ്ന പരിഹാരം കണ്ടെത്താന്‍ സാധിച്ചില്ലെന്നും ആരോപിച്ചു.