Breaking News

വര്‍ക്കലയില്‍ വിവാഹ തലേന്ന് വധുവിന്റെ പിതാവിനെ തലയ്ക്കടിച്ച് കൊന്നു

കൊല്ലപ്പെട്ട രാജു, കേസിലെ പ്രതികള്‍

വര്‍ക്കല: വര്‍ക്കലയില്‍ വിവാഹ തലേന്ന് വധുവിന്റെ പിതാവിനെ തലയ്ക്കടിച്ച് കൊന്നു. വര്‍ക്കല വടശ്ശേരിക്കോണം ശ്രീലക്ഷ്മിയില്‍ രാജു(61) ആണ് കൊല്ലപ്പെട്ടത്. രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന് ശിവഗിരിയില്‍ വച്ച് നടക്കാനിരിക്കെയായിരുന്നു. സംഭവത്തില്‍ വധുവിന്റെ ആണ്‍ സുഹൃത്തായ വടശ്ശേരിക്കോണം ജെ.ജെ.പാലം വലിയവിളാകം വീട്ടില്‍ ജയകുമാറിന്റെ മകന്‍ ജിഷ്ണു (25), സഹോദരന്‍ ബംഗാളിയെന്നും അപ്പുവെന്നും അറിയപ്പെടുന്ന ജിജിന്‍(26) എന്നിവരുള്‍പ്പെടെ നാല് പേരെ വര്‍ക്കല പോലീസ് കസ്റ്റഡിയില്‍ എടുത്തു.

വിവാഹത്തിന്റെ തലേദിവസമായ ഇന്നലെ രാത്രി ഏകദേശം ഒരു മണിയോടുകൂടിയാണ് ജിഷ്ണുവും സംഘവും വിവാഹ വീട്ടില്‍ എത്തി പ്രശ്‌നമുണ്ടാക്കിയത്. കാറില്‍ എത്തിയ സംഘം കാറില്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുകയും അതിനുശേഷം വീട്ടിനകത്തേക്ക് കയറി പെണ്‍കുട്ടിയുടെ പിതാവായ രാജുവുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വാക്കുതര്‍ക്കത്തിനിടെ ജിഷ്ണു സഹോദരന്‍ ജിജിന്‍ മണ്‍വെട്ടി ഉപയോഗിച്ച് രാജുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

അടിയേറ്റു കുഴഞ്ഞുവീണ രാജുവിനെ പ്രതികളും ബന്ധുക്കളും ചേര്‍ന്ന് വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജു മരണപ്പെട്ടു എന്ന് ഡോക്ടര്‍ അറിയിച്ചപ്പോള്‍ തന്നെ അവിടെനിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ബന്ധുക്കളും പോലീസും ചേര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആശുപത്രിക്ക് സമീപത്തുള്ള ബാങ്കിന്റെ പരിസരത്തുനിന്നുമാണ് പ്രതികളെ പിടികൂടിയത്.

രാജുവിന്റെ മൃതദേഹം വര്‍ക്കല എസ്.എന്‍.മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഒന്നാം പ്രതി ജിജിനെയും രണ്ടാംപ്രതി ജിഷ്ണുവിനെയും കൂടാതെ വടശ്ശേരിക്കോണം നന്ദനം വീട്ടില്‍ കുട്ടപ്പന്റെ മകന്‍ ശ്യാം കുമാര്‍ (26), വടശ്ശേരിക്കോണം മനു ഭവനില്‍ മുരളീധരന്റെ മകന്‍ മനു (26) എന്നിവരാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. വര്‍ക്കല പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. വര്‍ക്കല പോലീസിന്റെ കസ്റ്റഡിയില്‍ ആയിരുന്ന പ്രതികളെ കല്ലമ്പലം പോലീസിന് കൈമാറിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *