

കഴക്കൂട്ടം: ഉടുമ്പന്‍ചോല എം.എല്‍.എയും മുന്‍ മന്ത്രി എംഎം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. കഴക്കൂട്ടം സ്വദേശി രതീഷി(38)നാണ് പരിക്കേറ്റത്. രാത്രി പത്തരയോടെ കഴക്കൂട്ടം മിഷന്‍ ആശുപത്രിക്കു സമീപമാണ് അപകടം ഉണ്ടായത്. ദേശീയപാതയില്‍ എലിവേറ്റഡ് ഹൈവേ തുടങ്ങുന്ന ഭാഗത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് രതീഷിനെ തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന എം.എല്‍.എയുടെ കാര്‍ ഇടിച്ചത്.

പരിക്കേറ്റ് ഏറെനേരം റോഡില്‍ കിടന്ന രതീഷിനെ ആംബുലന്‍സ് എത്തിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. എം.എല്‍.എയുടെ ഗണ്‍മാനും പരിക്കേറ്റയാളിനോടൊപ്പം ആംബുലന്‍സില്‍ കൂടെ പോയി. മറ്റൊരു കാറില്‍ യാത്ര തുടര്‍ന്ന എം.എല്‍.എ മെഡിക്കല്‍ കോളേജിലെത്തി പരിക്കേറ്റ ആളിനെ സന്ദര്‍ശിച്ചു. എം.എല്‍.എയുടെ കാര്‍ കാര്‍ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പരിക്കേറ്റയാളുടെ നില ഗുരുതരമെന്ന് പോലീസ് പറഞ്ഞു.

