Breaking News

450 സീറ്റുകളില്‍ പൊതുസ്ഥാനാര്‍ഥി; ബി.ജെ.പിക്കെതിരെ വിശാല ഐക്യത്തിന് ശ്രമം

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ വിശാല ഐക്യത്തിന് രൂപം നല്‍കാന്‍ പ്രതിപക്ഷ കക്ഷികളുടെ ശ്രമം. 450 സീറ്റുകളില്‍ പൊതുസ്ഥാനാര്‍ഥിയെ മാത്രം നിര്‍ത്തി ബി.ജെ.പിയെ നേരിടാനാണ് പ്രതിപക്ഷ കക്ഷികള്‍ തയാറെടുക്കുന്നത്. ഈ മാസം 23-ന് പട്നയില്‍ ചേരുന്ന പ്രതിപക്ഷ ഐക്യനിരയുടെ ആദ്യ യോഗത്തില്‍ ഇക്കാര്യം സജീവ ചര്‍ച്ചയാകും. ഇരുപതോളം പ്രതിപക്ഷ പാര്‍ട്ടികളാണ് പട്നയിലെ ഐക്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

543 ലോക്സഭാ മണ്ഡലങ്ങളില്‍ 450 ഇടത്തും ബി.ജെ.പിയെ നേരിടാന്‍ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനെ കുറിച്ചായിരിക്കും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യുക. ബി.ജെ.പി വിരുദ്ധ വോട്ട് ഭിന്നിക്കാതെ നോക്കുക എന്നതാണ് ഇതിലൂടെ പ്രതിപക്ഷ കക്ഷികള്‍ ലക്ഷ്യമിടുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍, അഖിലേഷ് യാദവ്, എം.കെ സ്റ്റാലിന്‍, നിതീഷ് കുമാര്‍, ഹേമന്ദ് സോറന്‍ എന്നിവരെല്ലാം അണിനിരക്കുമെന്നാണ് സൂചന.

അതേസമയം, പ്രതിപക്ഷ മഹാസഖ്യത്തെ നയിക്കുന്നത് കോണ്‍ഗ്രസ് തന്നെയാവുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ്, എ.എ.പി, ജെ.ഡി.യു തുടങ്ങി മഹാസഖ്യത്തില്‍ പങ്കുചേരുന്ന പാര്‍ട്ടികള്‍ക്ക് അര്‍ഹമായ പരിഗണനയും നല്‍കേണ്ടി വരും. നിങ്ങള്‍ക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ സഹായിക്കാം, ഞങ്ങള്‍ക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ ഞങ്ങളേയും സഹായിക്കണം എന്ന് മമത ബാനര്‍ജി നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.

വരുന്ന ജനുവരിയില്‍ തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ 23-ലെ യോഗത്തില്‍നിന്ന് ബി.ആര്‍.എസ് വിട്ടുനില്‍ക്കാനാണ് സാധ്യത. കോണ്‍ഗ്രസുമായുള്ള ദേശീയ സഖ്യം തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ആര്‍.എസിന് ക്ഷീണമുണ്ടാക്കിയേക്കുമെന്ന നിഗമനത്തിലാണ് ഈ തീരുമാനം. തെലങ്കാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ആര്‍.എസ് മഹാസഖ്യത്തിലേയ്ക്ക് എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

അടുത്ത ഒരു വര്‍ഷം കേന്ദ്ര സര്‍ക്കാരിനെതിരെ യോജിച്ച പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനാണ് മഹാസഖ്യം തയാറെടുക്കുന്നത്. പ്രതിപക്ഷ ഐക്യനിരയുടെ ആദ്യ യോഗം ഈ മാസം 12 ആയിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനത്തിലായതിനാല്‍ 23 ലേക്ക് നീട്ടിവയ്ക്കുകയായിരുന്നു. സി.പി.എം, സി.പി.ഐ, എന്‍സിപി, ആര്‍.ജെ.ഡി, സി.പി.ഐ.എം.ല്‍, വി.സി.കെ, എം.ഡി.എം.കെ, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും പ്രതിപക്ഷ ഐക്യ യോഗത്തിനെത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *