Breaking News

ഒഡിഷ ട്രെയിന്‍ അപകടം: മരണം 261 ആയി, പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരം

ഭുവനേശ്വര്‍: ഒഡിഷ ട്രെയിന്‍ അപകടത്തില്‍പെട്ട 261 പേരുടെ മരണം ഒഡിഷ ചീഫ് സെക്രട്ടറി സ്ഥിരീകരിച്ചു. 900-ലേറെ പേര്‍ക്ക് പരിക്കേറ്റതായും ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരാവസ്ഥയിലാണെന്നത് മരണ സംഖ്യ ഇനിയും ഉയരുമോയെന്ന ഭയാശങ്ക നിലനിര്‍ത്തുന്നുണ്ട്.

ബെംഗളുരുവില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസാണ് പാളം തെറ്റി മറിഞ്ഞത്. അടുത്ത ട്രാക്കിലൂടെ വന്ന ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് പാളംതെറ്റിക്കിടന്ന കോച്ചുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘോതത്തില്‍ കോറമണ്ഡല്‍ എക്സ്പ്രസിന്റെ കോച്ചുകള്‍ സമീപത്തെ ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് മറിഞ്ഞു.

അതേസമയം, അപകടത്തെ കുറിച്ച് റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അന്വേഷിക്കുമെന്ന് റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഉന്നതതല അന്വേഷണത്തിന് ശേഷമേ അപകടത്തിന്റെ കാരണത്തെ കുറിച്ച് വ്യക്തത കൈവരികയുള്ളൂവെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. പരിക്കേറ്റവര്‍ക്കും മരണപ്പെട്ടവര്‍ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റെയില്‍വേ ട്രാക്കിലെ പിഴവുകളാകാം അപകടത്തിന് ഇടയാക്കിയതെന്ന സൂചനകള്‍ ചില മാധ്യമങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മനഃസാക്ഷി ഉണ്ടെങ്കില്‍ റെയില്‍വേ മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയന്‍ രംഗത്തുവന്നിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *