
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യുട്ടിക്കിടെ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെയും തീപിടുത്തം അണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് രഞ്ജിത്തിന്റെയും കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 25 ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഡോ.വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും രഞ്ജിത്തിന്റെ കുടുംബത്തിന് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ ഫണ്ടില്‍ നിന്നുമാണ് ധനസഹായം അനുവദിക്കുക. കേരള വാട്ടര്‍ അതോറിറ്റിയില്‍ പമ്പ് ഓപ്പറേറ്ററായി താല്‍ക്കാലിക ജോലി ചെയ്യവെ വാട്ടര്‍ ടാങ്കില്‍നിന്ന് വീണ് മരണമടഞ്ഞ എസ്.ആര്.രാജേഷ് കുമാറിന്റെ ഭാര്യ എന്‍.കെ.ഷൈബിക്ക് ഒറ്റത്തവണ ധനസഹായമായി 10 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിയുടെ തനത് ഫണ്ടില്‍നിന്നും അനുവദിക്കാനും തീരുമാനമായി.
