Breaking News

പുത്തന്‍ചന്ത മാര്‍ക്കറ്റ് നവീകരണം: 2.15 കോടിയുടെ പദ്ധതി

വര്‍ക്കല: വര്‍ക്കല പുത്തന്‍ചന്ത മാര്‍ക്കറ്റ് നവീകരിക്കുന്നു. 2 കോടി പതിനഞ്ച് ലക്ഷം രൂപയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ളത്. ഷോപ്പിംഗ് മാള്‍, ബയോ ഗ്യാസ് സംവിധാനം, പബ്ലിക് ടോയ്‌ലറ്റ് എന്നിവ ഉള്‍പ്പെടുത്തിയാണ് പുത്തന്‍ചന്ത മാര്‍ക്കറ്റിന്റെ നവീകരണം സാധ്യമാക്കുന്നത്. ഇതിനായി കിഫ്ബി വഴി ഫണ്ട് അനുവദിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കിഫ്ബി അനുവദിക്കുന്ന പണം തിരിച്ചടയ്ക്കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തില്‍ എം.എല്‍.എ അഡ്വ.വി.ജോയി ഇടപെടെലിനെ തുടര്‍ന്ന് പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.

അതേസമയം, മാര്‍ക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട് പുത്തന്‍ചന്തയില്‍ സി.പി.എം നാളെ രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. നവീകരണ പദ്ധതി വൈകുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഇവിടെ നിരാഹാര സമരം നടത്തിയിരുന്നു. നിരാഹാരം രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിന് മറുപടിയായിട്ടാണ് സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗം നടത്തുന്നതെന്നുമാണ് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ പ്രതികരണം.

Related posts

Leave a Reply

Your email address will not be published. Required fields are marked *