
കോഴിക്കോട്: വ്യവസായിയായ സിദ്ദിന്റെ കൊലപാതകം ആസൂത്രിതം. സിദ്ദിക്കിനെ കൊണ്ടുതന്നെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസ ഇന്‍ എന്ന ഹോട്ടലില്‍ മുറിയെടുപ്പിച്ചാണ് പ്രതികള്‍ കൊലപാതകം നടപ്പാക്കിയത്. ജി 3, ജി 4 എന്നിങ്ങനെ അടുത്തടുത്തുള്ള മുറികളാണ് പ്രതികള്‍ സിദ്ദിക്കിനെകൊണ്ട് എടുപ്പിച്ചത്. ഇതില്‍ ജി 4 മുറിയില്‍വച്ച് വ്യാഴാഴ്ചയോ വെള്ളിയാഴ്ച രാവിലെയോ പ്രതികള്‍ സിദ്ദിക്കിനെ കൊലപ്പെടുത്തിയെന്നാണ് നിഗമനം.
തുടര്‍ന്ന് പ്രതികള്‍ മൃതദേഹം കഷണങ്ങളാക്കി ട്രോളി ബാഗിനുള്ളില്‍ ഒളിപ്പിച്ചു. വെള്ളിയാഴ്ച മൂന്ന് മണിയോടെ പ്രതികള്‍ സിദ്ദിക്കിന്റെ കാറില്‍ തന്നെ മൃതദേഹം അടങ്ങിയ ബാഗുകളുമായി രക്ഷപെടുകയായിരുന്നു. ഹോട്ടലില്‍നിന്ന് പോലീസിന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളാണ് തികച്ചും ആസൂത്രിതമായി ലഭിച്ച കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ മുറിയെക്കാന് മൂന്ന് പേര് എത്തിയതായി കാണാമെങ്കിലും രണ്ടു പേരാണ് തിരികെ പോയത്. ഇവരുടെ കൈയ്യില്‍ ട്രോളി ബാഗും ഉണ്ടായിരുന്നു. വെള്ളിയാഴ്ച മൂന്ന് മണിയോടെ വെളുത്ത നിറമുള്ള കാറില്‍ ഹോട്ടലിലേക്ക് എത്തുന്നതും ബാഗുകള്‍ കാറിന്റെ ഡിക്കിയില്‍ വച്ച ശേഷം പ്രതികള്‍ കാറില്‍ കയറി പോകുന്നതും സമീപത്ത് പ്രവര്‍ത്തിക്കുന്ന ടെക്സ്റ്റയില്‍സിലെ സി.സി.ടി.വിയിലും കാണാം.
എന്നാല്‍ കൊലപാതകത്തിന്റെ ഉദ്ദേശം എന്തായിരുന്നു എന്ന കാര്യത്തില്‍ പോലീസ് അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ല. വ്യക്തിവൈരാഗ്യമാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ഹോട്ടല്‍ ഡി കാസ ഇന്നില്‍ മുറിയെടുത്തത് എന്തിനാണെന്ന കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. കോഴിക്കോട് സ്വന്തമായി ഹോട്ടലുള്ള വ്യക്തിയാണ് സിദ്ദിക്ക്. അങ്ങനെയിരിക്കെ നഗരത്തിലെ തന്നെ മറ്റൊരു ഹോട്ടലില്‍ മുറിയെടുത്തത് എന്തിനാണെന്ന കാര്യത്തില്‍ പക്ഷേ, ഇതുവരെ വ്യക്തത വന്നിട്ടില്ല.
