
ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ 14 വയസ്സുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ചിറയിന്‍കീഴ് കൂട്ടുംവാതുക്കല്‍ അയന്തിയില്‍ ശരത്തിനെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വര്‍ക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ആണ് അറസ്റ്റിലായ ശരത്. മെയ് 12ന് ഉച്ചയ്ക്ക് 12:30 യോടെ സ്കൂളില്‍ നിന്നും സ്കൂള്‍ യൂണിഫോം വാങ്ങി പുറത്തിറങ്ങിയ കുട്ടിയെ മോട്ടോര്‍സൈക്കിളില്‍ നിര്‍ബന്ധിച്ച് കയറ്റി പൊയ്കമുക്കിലുള്ള പാറക്കുളത്തില്‍ എത്തിച്ചാണ് പ്രതി ലൈംഗിക അതിക്രമം നടത്തിയത്.
സംഭവം കുട്ടി വീട്ടില്‍ അറിയിക്കുകയും തുടര്‍ന്ന് പിതാവുമൊത്ത് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയുമായിരുന്നു. കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തിയ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു പ്രതി സഞ്ചരിച്ച വാഹനം തിരിച്ചറിയുകയും തുടര്‍ന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആറ്റിങ്ങല്‍ പോലീസ് ഇന്‍സ്പെക്ടര്‍ തന്‍സീന്‍ അബ്ദുല്‍ സമദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
