
വര്‍ക്കല: എന്തെങ്കിലും ആവശ്യത്തിനായി വര്‍ക്കല മുനിസിപ്പാലിറ്റി കെട്ടിടത്തിനകത്തേക്ക് കയറുന്നവര്‍ അപകട ഇന്‍ഷുറന്‍സ് എടുക്കേണ്ട അവസ്ഥയിലാണ്! മുനിസിപ്പാലിറ്റി നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വീല്‍ച്ചെയറില്‍ മുനിസിപ്പാലിറ്റി കെട്ടിടത്തിന് അകത്ത് പ്രവേശിക്കാനായി കെട്ടിടത്തിന്റെ പ്രധാന വാതിലിന് മുന്നില്‍ സ്ലാന്റിംഗ് സ്റ്റെപ് നിര്‍മ്മിച്ചതാണ് ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് അപകട ഇന്‍ഷുറന്‍സ് എടുക്കേണ്ട അവസ്ഥയിലേക്ക് നീങ്ങുന്നത്. വളരെ മിനുസമുള്ള ടെയിലുകൊണ്ടാണ് ഈ ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന പൊതുജനങ്ങള്‍ കാല്‍ തെന്നി വീഴുന്നത് പതിവായിരിക്കുകയാണ്. കണ്ണമ്പ സ്വദേശിയായ ഓമനയമ്മ (68)യാണ് ഇന്ന് ഇവിടെ വീണ് പരിക്കേറ്റത്. ഹോംസ്‌റ്റേ നടത്തുന്നതിന്റെ ഫീസടയ്ക്കാന്‍ എത്തിയ ഓമനയമ്മയുടെ കാല്‍ നീരുവന്ന് വീര്‍ത്ത അവസ്ഥയിലാണ് ആശുപത്രിയിലേക്ക് പോയത്. ഇവരുടെ വലത് കാലിന് പൊട്ടലുണ്ട്. ഇനിയൊരപകടം ഉണ്ടാകാതെ മുനിസിപ്പാലിറ്റി അധികൃതര്‍ അടിയന്തിരമായി ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.