Breaking News

പള്ളിപ്പുറം വാഹനാപകടം: ഒരു മരണം കൂടി, ഇതോടെ മരിച്ചവരുടെ എണ്ണം നാല് ആയി

അനു (ചിത്തിര)

പള്ളിപ്പുറം: നാടിനെ നടുക്കിയ പള്ളിപ്പുറം വാഹനാപകടത്തില്‍ ഒരാള്‍കൂടി മരണത്തിന് കീഴടങ്ങി. കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ അപകടത്തില്‍ മരിച്ച നവജാത ശിശുവിന്റെ മാതാവ് മണമ്പൂര്‍ സ്വദേശി ചിത്തിര എന്ന് വിളിക്കുന്ന അനു(23)വാണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവര്‍ ഉള്‍പ്പെടെ ആറുപേരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ നവജാത ശിശുവും അമ്മൂമ്മ ശോഭയും ഡ്രൈവര്‍ സുനിലും അന്നുതന്നെ മരിച്ചിരുന്നു.

നവജാത ശിശുവിന്റെ മാതാവ് അനുവും പിതാവ് മഹേഷും ഇവരുടെ അഞ്ച് വയസ്സുള്ള കുഞ്ഞും പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തില്‍ പരിക്കേറ്റ ആറ് പേരില്‍ നാല് പേര്‍ മരണമടഞ്ഞു. കൊല്ലം ഭാഗത്തുനിന്ന് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് കയറിയ ബസ് ഓട്ടോരിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ മഹേഷും രണ്ട് കുഞ്ഞുങ്ങളും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

പരിക്കേറ്റവരെ കഴക്കൂട്ടത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും നവജാത ശിശു മരിച്ചിരുന്നു. തുടര്‍ന്ന് മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും അന്നുതന്നെ സുനിലും ശോഭയും മരണപ്പെട്ടു. അനുവിന്റെ പ്രസവം കഴിഞ്ഞ് നവജാത ശിശുവുമൊത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഞ്ചംഗ കുടുംബം. അനുവിന്റെ ഭര്‍ത്താവ് മഹേഷും അഞ്ച് വയസ്സുള്ള കുഞ്ഞും ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *