
ശിവഗിരി: പാരിപ്പള്ളി-വര്‍ക്കല ശിവഗിരി റോഡ് അടച്ചുപൂട്ടുന്നതിനെതിരെ ശിവഗിരി മഠം രംഗത്ത്. പാരിപ്പള്ളി-വര്‍ക്കല ശിവഗിരി റോഡ് അടച്ചുപൂട്ടുന്ന രീതിയിലേക്ക് നീങ്ങുന്ന ദേശീയപാത വികസനത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ശിവഗിരി മഠം പ്രതികരിച്ചത്. ദക്ഷിണകാശി എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച വര്‍ക്കലയുടെയും ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി കുടികൊള്ളുന്ന, ലോകമെമ്പാടുമുള്ള ഗുരുഭക്തന്മാരുടെ ആത്മീയ തലസ്ഥാനമായ ശിവഗിരിയുടെയും പ്രാധാന്യം മനസ്സിലാക്കാതെ ഡല്‍ഹിയിലെ ഏതോ ശീതീകരണ മുറിയിലിരുന്നു തയ്യാറാക്കിയ പദ്ധതിയനുസരിച്ചുള്ള റോഡ് വികസനം അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്ന് ശിവഗിരി മഠം ആവശ്യപ്പെട്ടു.
കൂടാതെ വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രം, ബലിതര്‍പ്പണത്തിനായി പതിനായിരങ്ങള്‍ എത്തിച്ചേരുന്ന പാപനാശം കടല്‍ തീരം, ടൂറിസം കേന്ദ്രമായ വര്‍ക്കല ബീച്ച്, വര്‍ക്കല നാരായണ ഗുരുകുലം, ശിവഗിരി എസ്.എന്‍ കോളേജ്, ശിവഗിരിയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ശ്രീനാരായണ മെഡിക്കല്‍ മിഷന് ആശുപത്രി, മന്നാനിയ ഇസ്ലാമിക് യൂണിവേഴ്സിറ്റി എന്നിവ ഉള്‍ക്കൊള്ളുന്ന വര്‍ക്കലയുടെ പ്രാധാന്യം മനസ്സിലാക്കി പാരിപ്പള്ളിയിലെ മുക്കട ജംഗ്ഷനില്‍ അടിപ്പാത നിര്‍മ്മിച്ച് പ്രശ്നം പരിഹരിക്കേണ്ടതാണെന്നും മഠം ആവശ്യമുന്നയിച്ചു.

പാരിപ്പള്ളി മുക്കടയില്‍ അണ്ടര്‍ പാസ്സേജ് നിര്‍മ്മിച്ച് നിലവിലുള്ളതുപോലെ പാരിപ്പള്ളിയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ മുക്കട ജംഗ്ഷനില്‍ത്തന്നെ തിരിഞ്ഞ് വര്‍ക്കല റോഡിലേക്ക് വര്‍ക്കല റോഡിലേക്ക് കയറാനുള്ള സംവിധാനം ഒരുക്കണമെന്നാണ് മഠം ആവശ്യപ്പെടുന്നത്. നിലവിലെ ഡി.പി.ആര് അനുസരിച്ച് ദേശീയപാത വികസനം പൂര്‍ത്തിയായാല്‍ നിലവിലെ പാരിപ്പള്ളി-വര്‍ക്കല റോഡ് അടച്ചുപൂട്ടപ്പെടും. അതോടെ പാരിപ്പള്ളി ഭാഗത്തുനിന്ന് വര്‍ക്കലയിലേക്ക് വരുന്നവര്‍ അഞ്ചര കി.മീ ദൂരം കൂടുതല്‍ സഞ്ചരിച്ച് തട്ടുപാലത്തില് എത്തി തിരിഞ്ഞ് സര്‍വ്വീസ് റോഡില്‍ കയറി വീണ്ടും അഞ്ചര കി.മീ സഞ്ചരിച്ച് മുക്കടയിലെത്തി വര്‍ക്കല റോഡിലേക്ക് കയറേണ്ടി വരും.
ഇത് ഇപ്പോഴുള്ള പാരിപ്പള്ളി-വര്‍ക്കല റോഡിന്റെ ദൂരം ഇരട്ടിയിലധികമാക്കും. നിലവില്‍ പാരിപ്പള്ളി-വര്‍ക്കല റോഡിന്റെ ദൂരം 10 കി.മീ ആണ്. ദേശീയപാത വികസനം പൂര്‍ത്തിയായാല്‍ ഇത് 21 കി.മീ ആയി വര്‍ദ്ധിക്കും-മഠം വിശദീകരിച്ചു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖരനും ശിവഗിരിയില്‍ നിന്നും സന്ദേശം അയച്ചിട്ടുണ്ടെന്നും മഠം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ഗവണ്മെന്റുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എം.പി.മാര്‍, മന്ത്രിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ സത്വരമായി ഇടപെടണമെന്നും ശിവഗിരി മഠത്തിന് വേണ്ടി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ ആവശ്യപ്പെട്ടു. പാരിപ്പള്ളിയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ യോഗം ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി – വര്‍ക്കല റോഡ് സംരക്ഷണ സമിതി ചെയര്മാന് വി മണിലാല്‍ അധ്യക്ഷത വഹിച്ചു.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുന്‍ ട്രഷറര്‍ സ്വാമി വിശാലാനന്ദ, ഗുരുധര്‍മ്മപ്രചരണ സഭ ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, റോഡ് സംരക്ഷണ സമിതി കോ-ഓര്‍ഡിനേറ്റര്‍ പാരിപ്പള്ളി വിനോദ്, ജനറല്‍ കണ്‍വീനര്‍ അഡ്വ. എസ്.ആര് അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.