Breaking News

പുന്നമൂട് ജംഗ്ഷനില്‍ മാലിന്യ നിക്ഷേപം; നായശല്യവും ദുര്‍ഗന്ധവുംകൊണ്ട് പൊറുതിമുട്ടി പൊതുജനം

വര്‍ക്കല: വര്‍ക്കല പുന്നമൂട് ജംഗ്ഷനിലെ മാലിന്യ നിക്ഷേപം കാരണം നായശല്യവും ദുര്‍ഗന്ധവുംകൊണ്ട് പൊറുതിമുട്ടി പൊതുജനം. പുന്നമൂട് ജംഗ്ഷനിലുള്ള ട്രാന്‍സ്‌ഫോര്‍മറിന് സമീപമാണ് ജനങ്ങള്‍ മാലിന്യം നിക്ഷേപിക്കുന്നത്. പുന്നമൂട് മാര്‍ക്കറ്റും ഹോട്ടലുകളും പച്ചക്കറി സ്റ്റാളുകളും ഉള്‍പ്പെടെയുള്ള നിരവധി കച്ചവട സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന സ്ഥലമാണിത്. ഇവിടങ്ങളില്‍നിന്നൊക്കെയുള്ള മാലിന്യങ്ങള്‍ ഇവിടെ പ്ലാസ്റ്റിക് ചാക്കുകളിലാക്കിയാണ് ട്രാന്‍സ്‌ഫോര്‍മറിന് സമീപം നിക്ഷേപിക്കപ്പെടുന്നത്. ഇവിടെനിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വര്‍ക്കല നഗരസഭാ അധികൃതര്‍ അലംഭാവം കാണിക്കുകയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കാര്യക്ഷമമായ രീതിയില്‍ മാലിന്യങ്ങള്‍ ഇവിടെനിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള നീക്കങ്ങള്‍ നഗരസഭ അധികൃതര്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കാരണം ഇവിടെ തെരുവ് നായകളുടെ ശല്യവും കൂടിവരികയാണ്. മാത്രമല്ല, മാലിന്യം നിറച്ച കവറുകള്‍ നായകള്‍ കടിച്ചുകീറി വിവിധ സ്ഥലങ്ങളിലേക്ക് ഇടുന്നത് കാരണം പ്രദേശത്തുകൂടി നടക്കാന്‍ പോലും സാധിക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതി പറയുന്നു. പുന്നമൂട് ജംഗ്ഷനില്‍ രാവിലെ എത്തുന്ന ഭക്തജനങ്ങള്‍ക്കും അതിരാവിലെ പ്രഭാത സവാരിക്കിറങ്ങുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ക്കറ്റിലും മറ്റ് സ്ഥാപനങ്ങളിലും വരുന്ന പൊതുജനങ്ങള്‍ക്കും നായശല്യം ഭീഷണി ഉയര്‍ത്തുകയാണ്. തെരുവ് നായകള്‍ സമീപമുള്ള ക്ഷേത്ര പരിസരത്തേക്ക് മത്സ്യ-മാംസാദികള്‍ അടങ്ങിയ മാലിന്യങ്ങള്‍ കൊണ്ടിടുന്നതും പതിവായിരിക്കുകയാണ്. ഈ ഭാഗത്തെ മാലിന്യപ്രശ്‌നങ്ങള്‍ക്ക് നഗരസഭ അധികൃതര്‍ ഉടനടി പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം.

Related posts

Leave a Reply

Your email address will not be published. Required fields are marked *