Breaking News

മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാവിരുദ്ധം; കേരളത്തിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതിയില്‍ കര്‍ണാടക സര്‍ക്കാരിന്റെ സത്യവാങ്മൂലം. കേരളം ഒഴികെ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും മുസ്ലിങ്ങള്‍ക്ക് മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. കര്‍ണാടകത്തില്‍ മുസ്ലിം വിഭാഗത്തിന് ഉണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കിയ നടപടിക്കെതിരായ വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിച്ചതോടെയാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ഭരണഘടനയുടെ 14, 15, 16 അനുച്ഛേദങ്ങളുടെ ലംഘനമാണ് മതപരമായ സംവരണമെന്നും മതത്തിന്റെ പേരിലുള്ള സംവരണം അഭികാമ്യമല്ലെന്ന് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പിന്നാക്കാവസ്ഥയിലുള്ള മുസ്ലിങ്ങള്‍ക്ക് മറ്റ് സംവരണങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. ഒരു മതവിഭാഗത്തെ ഒന്നടങ്കം സംവരണത്തിന് പരിഗണിക്കാന്‍ കഴിയില്ലെന്നും മുസ്ലിം മതവിഭാഗത്തെ മൊത്തത്തില്‍ സംവരണത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിരിക്കുന്ന ഏക സംസ്ഥാനം കേരളമാണെന്നും കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

എന്നാല്‍, മെയ് 9 വരെ സംവരണം റദ്ദാക്കിയ ഉത്തരവ് നടപ്പാക്കില്ലെന്നും സര്‍ക്കാര്‍ കോടതിക്ക് ഉറപ്പ് നല്‍കി. ജസ്റ്റിസുമാരായ കെ.എം.ജോസഫ്, ബി.വി.നാഗരത്‌ന എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *