
വർക്കല: വയോധികനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഫാന്റം പൈലി എന്ന ഷാജിയെ വർക്കല പോലീസ് പിടികൂടി
കഴിഞ്ഞദിവസം വീടിനു മുന്നിൽ ബഹളം വച്ചത് ചോദ്യംചെയ്ത കൂരയ്ക്കണ്ണി ആമിനാ മൻസിലിൽ ഹാഷിം(64) നെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത് .
കൃത്യത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളത്തേക്ക് കടന്നു കളയാനായിരുന്നു പ്രതികളുടെ പദ്ധതി. അതിനുള്ള റെയിൽവേ ടിക്കറ്റുകളും പ്രതികളിൽ നിന്നും കണ്ടെടുത്തു. കുരയ്ക്കണ്ണി സ്വദേശിയായ ഗുലാബ് മൻസിലിൽ ബഷീർകുട്ടിയുടെ മകൻ ഫാന്റം പൈലി എന്ന് വിളിപ്പേരുള്ള ഷാജിയെ(44) യും കൂട്ടാളികളേയുമാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.
കൂട്ടുപ്രതികളായ പാങ്ങോട് നാല്സെന്റ് കോളനിയിൽ നൗഫൽ മൻസിലിൽ നാസറിന്റെ മകൻ ഉമ്മർ (18) , പെരിങ്ങമ്മല സ്വദേശിയായ അമ്മുക്കുട്ടി സദനത്തിൽ മണിയന്റെ മകൻ അശ്വിൻ(23) എന്നിവരുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തി .
വിവിധ പൊലീസ് സ്റ്റേഷനുകളിലായി 150 തിൽപ്പരം കേസുകളുള്ള കുപ്രസിദ്ധ കുറ്റവാളി ഫാന്റം പൈലി എന്ന ഷാജിയെ ഗുണ്ടാനിയമപ്രകാരം തടങ്കലിൽ ആക്കുമെന്ന് വർക്കല എസ് എച്ച് ഓ സനോജ് പറഞ്ഞു