
കല്ലമ്പലം : നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റിയിൽ കുടുംബശ്രീ തിരഞ്ഞെടുപ്പിനെച്ചൊല്ലി തർക്കം. കുടുംബശ്രീയുടെ വരണാധികാരിയെ അടിയന്തരമായി നീക്കംചെയ്യണമെന്ന് പ്രതിപക്ഷമായ കോൺഗ്രസും ബി.ജെ.പി.യും ആവശ്യ പ്പെട്ടതോടെയാണ് വെള്ളിയാഴ്ച നടന്ന കമ്മിറ്റിയിൽ അഭിപ്രായഭിന്നത ഉണ്ടായത്. പുതിയ വരണാധികാരിയെ നിയമിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസ് ഉന്നയിച്ചു. ഇതുസംബന്ധിച്ച പ്രമേയം കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് എസ്. മണിലാൽ അവതരിപ്പിച്ചു. കോൺഗ്രസ് അംഗങ്ങൾ ഈ ആവശ്യത്തിൽ ശക്തമായ നിലപാട് എടുത്തു. വരണാധികാരിയുടെ നിയമനാധികാരി ജില്ലാ കളക്ടറാകയാൽ പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ കളക്ടറോടാവശ്യപ്പെടണ മെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.
വരണാധികാരിയുടെ മുഴുവൻ നടപടികളും ഏകപക്ഷീയ മാണെന്നും എ.ഡി.എസ്. തിരഞ്ഞെടുപ്പ് പൂർത്തിയായെങ്കിലും വിജയികളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. ഇക്കാരണങ്ങളാണ് വരണാധികാരിയെ അടിയന്തരമായി മാറ്റണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടത്. പഞ്ചായത്ത് കമ്മിറ്റിയിൽ സി.പി.എമ്മിനും കോൺഗ്രസിനും തുല്യ അംഗങ്ങളാണുള്ളത്. വരണാധികാരിയെ മാറ്റാനുള്ള പ്രമേയം വോട്ടിനിടാൻ ഭരണസമിതിയോട് കോൺഗ്രസിന്റെ എട്ടംഗങ്ങളും ആവശ്യപ്പെട്ടു. എന്നാൽ, കുടുംബശ്രീ തിരഞ്ഞെടുപ്പിൽ വരണാധികാരിയെ മാറ്റാനുള്ള അധികാരം പഞ്ചായത്ത് കമ്മിറ്റിക്ക് ഇല്ലെന്ന് നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ പറഞ്ഞു.
കുടുംബശ്രീ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വരണാധികാരിക്കാണ് അധികാരം. അജൻഡയിൽ ഇല്ലാത്ത കാര്യം പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചചെയ്യാൻ കഴിയില്ലെന്ന തീരുമാനത്തിൽ പ്രസിഡൻറ് ഉറച്ചുനിന്നു. തുടർന്ന് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി സത്യാഗ്രഹം നടത്തി . 15-ാം ധനകാര്യ കമ്മിഷന്റെ പദ്ധതികൾ, 2022-23 വർഷത്തേക്കുള്ള പ്ലാൻ പദ്ധതികളും, ഇതിനോടനുബന്ധിച്ചുള്ള റിവിഷനും 22 നകം ജില്ലാ ആസൂത്രണ സമിതിക്ക് നൽകണം. ഇത് രണ്ടും മുടക്കുന്നതിനുവേണ്ടിയാണ് കുടുംബശ്രീ വിഷയം ഉന്നയിച്ച് പഞ്ചായത്ത് കമ്മിറ്റി അലങ്കോലമാക്കിയതെന്ന് പ്രസിഡൻറ് പറഞ്ഞു. ബി.ജെ.പി. അംഗങ്ങൾ പ്രസിഡൻറിനെ അധിക്ഷേപിച്ചു സംസാരിച്ചതായും പ്രസിഡന്റ് ആരോപിച്ചു.