
കല്ലമ്പലം : ദേശീയപാതയിൽ കടമ്പാട്ടുകോണം ഫാർമസി ജങ്ഷനിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കൊല്ലം, ഉളിയകോവിൽ, ഹരിശ്രീയിൽ സിനീഷ് ലാൽ(47) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30-നായിരുന്നു അപകടം. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കു വന്ന ലോറി, സിനീഷ് ലാൽ സഞ്ചരിച്ചിരുന്ന ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് ഇടിക്കുകയും ലോറിയുടെ ടയറിനടിയിൽപ്പെട്ട് സിനീഷ് ലാൽ തൽക്ഷണം മരിക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബൈക്കിൽ ഇടിച്ച ശേഷം തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കു പോവുകയായിരുന്ന കാറിലും ലോറി ഇടിച്ചു. എന്നാൽ, കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ലമ്പലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സനീഷ് ലാലിന്റെ ഭാര്യ: സ്മിത. മകൾ: ശ്രീദേവി.
