
വർക്കല :89-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തോട് അനുബന്ധിച്ച് ഗുരുധർമ്മ പ്രചരണസഭയുടെ 2020 നമ്പർ യൂണിറ്റ് സേവനം യുകെ യുടെ ആഭിമുഖ്യത്തിൽ ഡിസംബർ 5 ഞായറാഴ്ച രാവിലെ 11 മണിക്ക് യു കെ യിൽ ബിർമിങ്ങാഹാമിൽ വച്ചു നടന്നു. പൊതുസമ്മേളനം ശിവഗിരി തീർത്ഥാടന സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയപ്പോൾ കൽപ്പിച്ച് അരുളിയ എട്ടു തീർത്ഥാടന വിഷയങ്ങളിൽ ഒന്നായ ശാസ്ത്ര സാങ്കേതിക വിദ്യയെ കുറിച്ചു സമ്മേളനം ചർച്ച ചെയ്തു. കൂടാതെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഒരു ഗുരുദേവ പ്രതിമ സ്ഥാപിക്കുവാൻ ഉള്ള നടപടികൾക്ക് സേവനം യു കെ ഈ സമ്മേളനത്തിൽ വച്ചു തുടക്കം കുറിച്ചു. ശിവഗിരി തീർത്ഥാടനത്തിന്റെ മഹിമ ലോകമെമ്പടും പ്രചരിപ്പിക്കുന്നതിൽ സേവനം സേവനം യുകെ വഹിക്കുന്ന പങ്കിനെ സ്വാമിജി പ്രശംസിച്ചു. വരും നാളുകളിൽ ഇതുപോലെ ഉള്ള സമ്മേളനങ്ങൾ ഗുരുധർമ്മ പ്രചരണസഭ സേവനം യു കെ യുടെ ആഭിമുഖ്യത്തിൽ യൂറോപ്യൻ രാജ്യങ്ങളുടെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കുവാൻ സന്നദ്ധമാണെന്ന വിവരം ശിവഗിരി മഠത്തെ അറിയിക്കുമെന്ന് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ബൈജു പാലക്കൽ പറഞ്ഞു. സജീഷ് ദാമോദരന്റെ സ്വാഗതത്തോടു കൂടി ആരംഭിച്ച സമ്മേളനത്തിൽ , ശ്രീ വേണു ചാലക്കുടി,ശ്രീ ദിലീപ് വാസുദേവൻ, ശ്രീ റോബിൻ കരുണാകരൻ,ശ്രീ ബൈജു നാണപ്പൻ, ശ്രീ സാജൻ കരുണാകരൻ വിവിധ തീർത്ഥാടന വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. ശ്രീമതി ബിന്ദു സാജൻ നന്ദി രേഖപ്പെടുത്തി.