Breaking News

നാളെ തൃക്കാർത്തിക

തിരുവനന്തപുരം : വൃശ്ചികത്തിലെ തൃക്കാർത്തിക വെള്ളിയാഴ്ച. വീടുകളിലും ക്ഷേത്രങ്ങളിലും മൺചെരാതുകളിൽ കാർത്തികദീപം തെളിച്ച് നാടെങ്ങും തൃക്കാർത്തിക ആഘോഷിക്കും. വിളക്കിന്റെ പ്രകാശംപോലെ കാർത്തിക ആഘോഷം ദേവീപ്രീതി ചൊരിയുമെന്നാണ് വിശ്വാസം.

പൗർണമിയും കാർത്തിക നക്ഷത്രവും ഒരുമിക്കുന്ന ദിവസമാണ് തൃക്കാർത്തികയായി ആഘോഷിക്കുന്നത്. അധർമത്തിന് മേൽ പരാശക്തി പൂർണ വിജയം നേടിയ ദിവസമായും തൃക്കാർത്തിക ആചരിക്കുന്നു. ഇക്കുറി കാർത്തിക ഉത്സവം വെള്ളിയാഴ്ചയായതിനാൽ ദേവീക്ഷേത്രങ്ങളിൽ പ്രത്യേകപൂജകളും ദർശനത്തിന് തിരക്കും ഉണ്ടാകും.

സസ്യേതര ഭക്ഷണം ത്യജിച്ച് വ്രതത്തോടെയാണ് ഭക്തർ കാർത്തികയ്ക്ക് ദീപം തെളിക്കുന്നത്.

സന്ധ്യക്ക് വീടുകളിലും വഴിയോരങ്ങളിലും മൺചെരാതുകളിൽ എണ്ണത്തിരിയിട്ട് വിളക്ക് തെളിക്കുന്നതാണ് രീതി. ഇപ്പോൾ ചെരാതുകൾക്ക് പകരം മെഴുകുതിരികളാണ് കൂടുതലും ഉപയോഗിക്കുന്നത്. വീടുകളിൽ തെരളി, ഇലയട എന്നിവ തയ്യാറാക്കും. കാച്ചിൽ, ചെറുകിഴങ്ങ്, ചേമ്പ്, മധുരക്കിഴങ്ങ് എന്നിവ ഒരുമിച്ച് വേവിച്ച് കഴിക്കുന്നതും കാർത്തിക ആഘോഷത്തിന്റെ ഭാഗമാണ്.

ആറ്റുകാൽ ഭഗവതിക്ഷേത്രം, കരിക്കകം ചാമുണ്ഡിക്ഷേത്രം, തോന്നൽ ദേവീക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം, പരശുവയ്ക്കൽ ദേവീക്ഷേത്രം, ആര്യശാല ദേവീക്ഷേത്രം എന്നിവിടങ്ങളിലും ദേവിയുടെ ഉപദേവതാപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും തൃക്കാർത്തിക ആഘോഷം നടക്കും. കന്യാകുമാരി ജില്ലയിലെ ദേവീക്ഷേത്രങ്ങളിൽ തൃക്കാർത്തികയ്ക്ക് രാത്രിയിൽ ‘ചൊക്കപ്പന’ കത്തിക്കുന്ന ആചാരമുണ്ട്. എഴുന്നള്ളിച്ച ദേവീവിഗ്രഹത്തിനു മുന്നിൽ പനന്തടിക്ക് ചുറ്റും വൃത്താകൃതിയിൽ പനയോല പൊതിഞ്ഞ കൂറ്റൻ രൂപത്തെ കത്തിക്കുന്ന ആഘോഷമാണിത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *