

മുരുക്കുംപുഴ : ഉറച്ചനിലപാടുകളുള്ള കലാകാരനാണ് നടൻ പ്രേംകുമാറെന്ന് സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സംസ്ഥാന മദ്യവർജന സമിതിയുടെ ഗാന്ധിസേവാ പുരസ്കാരം പ്രേംകുമാറിനു നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര പണം ലഭിച്ചാലും പരസ്യചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന തീരുമാനത്തിൽ അദ്ദേഹം ഇന്നും ഉറച്ചുനിൽക്കുന്നു. ഇത്തരം നിലപാടുകളാണ് പ്രേംകുമാറെന്ന കലാകാരനെ വ്യത്യസ്തനാക്കുന്നതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
മുരുക്കുംപുഴ സെയിന്റ് അഗസ്റ്റ്യൻ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ മദ്യവർജന സമിതി സംസ്ഥാന പ്രസിഡന്റ് റസീഫ് അധ്യക്ഷനായി. സെക്രട്ടറി റസൽ സബർമതി ആമുഖപ്രഭാഷണം നടത്തി.
വാർഡ് അംഗം സുനി മുരുക്കുംപുഴ, കവി കാര്യവട്ടം ശ്രീകണ്ഠൻനായർ, കുന്നത്തൂർ ജെ.പ്രകാശ്, സ്കൂൾ മാനേജർ അഡോൾഫ് കൈയാലയ്ക്കൽ, ഹെഡ്മിസ്ട്രസ് ഷീല, പി.ടി.എ. പ്രസിഡന്റ് മീന അനിൽകുമാർ, സമിതി ജില്ലാ സെക്രട്ടറി ഷാജി എന്നിവർ സംസാരിച്ചു. കോവിഡ് വാരിയർ പുരസ്കാരം നേടിയ പോലീസ് ഉദ്യോഗസ്ഥരായ പ്രദീപ്കുമാർ, നാസിമുദ്ദീൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.