

വർക്കല : നിർധന വൃദ്ധ ദമ്പതിമാരുടെ സ്വപ്നം പൂവണിയുന്നു . വർക്കല മുണ്ടയിൽ താമസിക്കുന്ന വിജയൻ പത്മിനി അമ്മ ദമ്പതികൾക്ക് വീട് നിർമ്മിച്ച് നൽകിയാണ് ടീം വർക്കല മാതൃകയാവുന്നത്.
തിങ്കളാഴ്ച രാവിലെ 9.45ന് വിജയൻ പത്മിനി ദമ്പതികളുടെ പുതിയ വീടിൻറെ തറക്കല്ലിടൽ കർമ്മം വർക്കല എംഎൽഎ അഡ്വ. വി ജോയി എംഎൽഎ, മുൻസിപ്പൽ ചെയർമാൻ കെ എം ലാജി ചേർന്ന് നിർവഹിച്ചു.
സ്വന്തമായി ഭൂമിയും ഉണ്ടെങ്കിലും അതിൻറെ ആധാരവും മറ്റ് അനുബന്ധ രേഖകളും കയ്യിൽ ഇല്ലാത്തതിനാൽ സർക്കാരിൻറെ ഭാഗത്തുനിന്നും വീടുവച്ചു നൽകാൻ സാധിക്കില്ല. സ്വദേശത്തും വിദേശത്തുമായി നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയായ ടീം വർക്കല ഇക്കാര്യം മനസ്സിലാക്കി,ഇവർക്ക് വീടുവച്ചു നൽകുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടേണ്ടതാനെന്ന് വീടിൻറെ ശിലാസ്ഥാപന കർമ്മം നിർവഹിച്ച ശേഷം അഡ്വ ജോയി എംഎൽഎ പറഞ്ഞു.

വീടില്ലാത്തവർക്ക് വീട് നൽകുന്നതിനുള്ള സർക്കാർ പദ്ധതികൾ ഉണ്ടെങ്കിലും സ്വന്തമായി വീടില്ലാത്ത മണ്ണില്ലാത്ത ധാരാളംപേർ നമ്മുടെ നഗരത്തിലുണ്ട്. ഇത്തരത്തിൽ ഒരു ദുരവസ്ഥ നിലനിൽക്കുമ്പോൾ ഈ വൃദ്ധ ദമ്പതിമാരുടെ സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി ടീം വർക്കല എന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ഇത്തരത്തിലുള്ള സന്നദ്ധ സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് കെ .എം .ലാജി പറഞ്ഞു. തദവസരത്തിൽ വാർഡ് കൗൺസിലർ നിതിൻ നായർ, റെയിൽവേ സ്റ്റേഷൻ മാസ്റ്റർ പ്രസന്നകുമാർ, ടീം വർക്കലയിലെ അംഗങ്ങളായ ബിജാസ് ഷെറിൻ, സൈഫ്, അനസ്, നസീം, രൂപക്ക്, സിനോഷ്, ബിജാസ്, ഷാഫി, നജാസ്,ഗസൽ, ഹാരിസ്,സാബിത്, കണ്ണൻ വിശാഖ്, നബീൽ, എന്നിവരും പങ്കെടുത്തു.

ടീം വർക്കലയിലെ അംഗങ്ങൾവിജയൻ പത്മിനി അമ്മ ദമ്പതികൾ ഇപ്പോൾ താമസിക്കുന്നത് കുടുംബ സ്വത്തായ പുരയിടത്തിലാണ്.ഈ പുരയിടത്തിൽ ചാക്ക്, പ്ലാസ്റ്റിക് കവർ, ടാർപ്പ എന്നിവകൊണ്ട് മറവുചെയ്ത കൂരയിലാണ് ഇവർ ഇപ്പോൾ മഴയെയും കാറ്റിനെയും ഒക്കെ പേടിച്ച് ജീവിക്കുന്നത്. മറ്റുള്ളവർ മഴപെയ്യണമെന്ന് ആഗ്രഹിക്കുമ്പോൾ മഴ പെയ്യല്ലേ ഭഗവാനെ എന്ന് പ്രാർത്ഥിക്കേണ്ട അവസ്ഥയാണിവർക്കുള്ളത്.

വിജയൻഅരയ്ക്കുതാഴെ ചലന സ്വാധീനമില്ലാത്തയാളാണ് വിജയൻ. പത്മിനി അമ്മയും അസുഖ ബാധിതയാണ്. ഈ അവസ്ഥയിലാണ് ഇവർ രണ്ടുപേരും ഏതുനിമിഷവും ഇടിഞ്ഞു വീഴാവുന്ന കൂരയിൽ ജീവിതം തള്ളിനീക്കുന്നത്. ഇവർക്ക് മക്കളില്ല. കുടുംബസ്വത്ത് ഭാഗം വെച്ചിട്ടില്ല. മാത്രമല്ല കുടുംബസ്വത്ത് കേസിൽപെട്ട് കിടക്കുകയാണ്. അതുകൊണ്ട് തന്നെ ഇവർക്ക് കിട്ടേണ്ട ഓഹരി വാങ്ങാനോ ഒരു ലോണെടുത്തെങ്കിലും അടച്ചുറപ്പുള്ളവീട് വെക്കാനോ പറ്റാത്ത അവസ്ഥയാണുള്ളത്.
ഇത്തരമൊരു സാഹചര്യത്തിൽ കഴിയുന്ന കൂരയിലേക്കാണ് ടീം വർക്കല കോവിഡുമായി ബന്ധപ്പെട്ട കിറ്റ് വിതരണത്തിന് എത്തിയത്. അങ്ങനെ വിജയൻ പത്മിനി അമ്മ ദമ്പതികളുടെ ദയനീയമായ ജീവിതസാഹചര്യം നേരിട്ട് കണ്ടതോടെ ടീം വർക്കല ഇവർക്ക് തലചായ്ക്കാൻ അടച്ചുറപ്പുള്ള ഒരു വീട് നിർമ്മിച്ചു നൽകാൻ തയ്യാറാവുകയായിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് വീടിന്റ്റെ കുറ്റിയടിക്കൽ ചടങ്ങ് നടന്നു. ടീം വർക്കലയുടെ 85 അംഗങ്ങളും അവരുടെ സുഹൃദ് വലയങ്ങളും ചേർന്നാണ് വീട് നിർമ്മാണത്തിന് ആവശ്യമായ പണം കണ്ടെത്തുന്നത്.