

വർക്കല: ഇടവയിൽ മുൻ പഞ്ചായത്ത് അംഗത്തിൻറെ വീട്ടിൽ വ്യാജവാറ്റ്. വ്യാജവാറ്റിനു പുറമേ നിരോധിത പുകയില ഉൽപ്പന്നങ്ങളും ഇവിടെ നിന്നും പോലീസ് പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട ഇടവ നാലുമുക്ക് വടക്കേവിള പാറയിൽ വീട്ടിൽ ശൈലജ – തുളസി ദമ്പതികളുടെ മകൻ അനൂപിനെ (22) അയിരൂർ പൊലീസ് അറസ്റ്റു ചെയ്തു. അനൂപിന്റ്റെ മാതാവ് ശൈലജ ഇടവ പഞ്ചായത്ത് മുൻഅംഗവും സി.പി.എം നേതാവുമാണ്. ശനിയാഴ്ച വൈകിട്ട് ആറര മണിയോടെയാണ് പോലീസ് വീട് റെയ്ഡ് ചെയ്തത്. ഇതേ തുടർന്ന് ഇവിടെ നിന്നും 20 ലിറ്റർ കോടയും, 200 മില്ലി ലിറ്റർ ചാരായവും കൂടാതെ 40 പായ്ക്കറ്റോളം നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നും അയിരൂർ പൊലീസ് പറഞ്ഞു.