

വർക്കല: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വർണമോതിരം സംഭാവന നൽകി കല്ലമ്പലം എ.എസ്.ഐ അനീഷ് ആർ.എസ്. 34 വർഷം നീണ്ട സ്തുത്യർഹമായ സേവനത്തിനുശേഷം ഇന്ന് സർവീസിൽ നിന്ന് വിരമിക്കുകയാണ് അദ്ദേഹം. വിരമിക്കൽ ദിവസം സഹപ്രവർത്തകർ സ്നേഹസമ്മാനമായി നൽകിയ സ്വർണമോതിരം ആണ് സഹജീവികളുടെ ക്ഷേമത്തിനായി അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്. മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറം നീണ്ട സർവീസ് ഡ്യൂട്ടിയിൽ ഡ്യൂട്ടിയുടെ ഭാഗമായും അല്ലാതെയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് എ.എസ് .ഐ അനീഷ്. കോവിഡ് മഹാമാരി ഉയർത്തുന്ന പ്രതിസന്ധികളെ നേരിടാനും അദ്ദേഹം മുന്നിൽതന്നെയുണ്ട്. സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ പരിശീലകനായും. ഉപദേശകനായും, മാർഗ്ഗദർശിയായും അദ്ദേഹം പൊതു ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിച്ചു. ഒരു ജനത മുഴുവൻ ഒറ്റക്കെട്ടായി നിന്ന് കോവിഡ് എന്ന ഭീകരമായ വൈറസിനെതിരെ പോരാടുമ്പോൾ ആ പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കേണ്ടത് കടമയും ഉത്തരവാദിത്വവുമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി വർക്കല എംഎൽഎ അഡ്വക്കേറ്റ് വി .ജോയി , അനീഷ് ആർ.എസിൽ നിന്ന് സ്വർണ്ണ മോതിരം ഏറ്റുവാങ്ങി. കല്ലമ്പലം എസ്.എച്. ഓ മനുരാജ് എസ് ഐ രഞ്ജു ആർഎസ് മറ്റ് സഹപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.