

വർക്കല: കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന് ആരോപിച്ച് വർക്കല എംഎൽഎ അഡ്വ.വി ജോയിക്കും , ഇടവ ജുമാഅത്ത് കമ്മറ്റിക്കുമെതിരെ പോലീസിൽ പരാതി. വർക്കലയിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വമാണ് ഡിവൈഎസ്പിക്ക് പരാതി നൽകിയിരിക്കുന്നത്. ഇടവ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് റഹ്മാൻ, കെഎസ്യു സംസ്ഥാന ഭാരവാഹി അബ്ദുള്ള എന്നിവരാണ് പരാതിയിൽ ഒപ്പിട്ടിരിക്കുന്നത്.
മെയ് 23 ഞായറാഴ്ച ഇടവ മുസ്ലിം ജമാഅത്ത് കമ്മിറ്റി വർക്കല എംഎൽഎ ആയി രണ്ടാംവട്ടവും തെരഞ്ഞെടുക്കപ്പെട്ട അഡ്വ; വി ജോയിക്ക് കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുകൊണ്ട് സ്വീകരണം
നൽകിയെന്നാണ് പരാതിയിൽ പറയുന്നത് . ജില്ല ഒട്ടാകെ ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിന്നിരുന്ന സാഹചര്യത്തിൽ പള്ളിയിലെ ആരാധനാ കർമങ്ങൾക്ക് പ്രവേശനത്തിന് പോലും കർശനമായ വിലക്കുണ്ടായിരുന്നു. എന്നാൽ ഈ പ്രോട്ടോക്കോളുകൾ എല്ലാംതന്നെ കാറ്റിൽപറത്തി കൊണ്ടാണ് ജമാഅത്ത് കമ്മിറ്റി അഡ്വ: വി ജോയിക്ക് സ്വീകരണം നൽകിയത്.
കോവിഡ് പ്രോട്ടോക്കോളിനെ കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് ഭരണകക്ഷി എംഎൽഎ ആയ അഡ്വ: വി ജോയി. എന്നിട്ടുപോലും പള്ളിക്കകത്ത് കൂട്ടം കൂടാൻ പാടില്ല എന്ന നിയമം ലംഘിച്ചുകൊണ്ട് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുകയാണ് ഉണ്ടായത്. പള്ളിയിൽ നാൽപ്പതിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു എന്നതിന് എംഎൽഎ ഫെയ്സ്ബുക്കിൽ പങ്കുവെച്ച തൽസമയ ദൃശ്യങ്ങൾ തെളിവാണെന്നും പരാതിയിൽ വിശദീകരിക്കുന്നു . കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ചടങ്ങിൽ പങ്കെടുത്ത അഡ്വ:വി ജോയി എംഎൽഎ ക്ക് എതിരെയും ഇടവ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾക്ക് എതിരെയും ജമാഅത്തിന് കീഴിലുള്ള മതപണ്ഡിതർക്കെതിരെയും സ്വീകരണ പരിപാടിയിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന വ്യക്തികൾക്ക് എതിരെയും നിയമനടപടികൾ കൈക്കൊള്ളണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു