

അമ്പൂരി: കാട്ടാക്കട അമ്പൂരി കുമ്പിക്കൽകടവിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങിമരിച്ചു. അമ്പൂരി പൂച്ചമുക്കിൽ കുനാനിക്കൽ ഹൗസിൽ ജോബി ജോർജ്(42)ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ യായിരുന്നു സംഭവം. ജോബിയും ഒരു സുഹൃത്തും കൂടിയാണ് കുമ്പിക്കൽ കടവിന് കുറച്ചു മാറി കുളിക്കാൻ ഇറങ്ങിയത്. ഇതിൽ ജോബി വെള്ളത്തിൽ മുങ്ങി പോവുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയായതിനാൽ ഈ ഭാഗത്ത് നല്ല നീരൊഴുക്ക് ഉണ്ടായിരുന്നു. നെയ്യാർഡാം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും , നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെ തിരുവനന്തപുരം ഫയർ സ്റ്റേഷനിലെ സ്കൂബാ ഡൈവിങ് ടീം എത്തി തെരച്ചിൽ നടത്തി. പതിനൊന്നര മണിയോടെ ജോബിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. വെൽഡിംഗ് തൊഴിലാളിയാണ് മരിച്ച ജോബി ജോർജ്. ഷൈലയാണ് ഭാര്യ. അലൻ, ആഷിൻ, ഫ്രാൻസിസ്കോ എന്നിവർ മക്കളാണ്.