Breaking News

ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500രൂപ തന്നെ; ലാബുകളുടെ ഹര്‍ജി തള്ളി ഹൈക്കോടതി

പ്രതീകാത്മക ചിത്രം

കൊച്ചി: കോവിഡ് കണ്ടെത്താനുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നിരക്ക് 500 രൂപ തന്നെയെന്ന് ഹൈക്കോടതി. നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. 135 രൂപ മുതല്‍ 245 രൂപവരെ ചെലവ് മാത്രമേ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വേണ്ടിവരികയുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
1700 രൂപയായിരുന്നു ഇതിന് മുമ്പ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ ഈടാക്കിക്കൊണ്ടിരുന്നത്. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ 4500 രൂപ മുതല്‍ 5,000 രൂപ വരെയായിരുന്നു ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് ഈടാക്കിയിരുന്നത്. ഇപ്പോള്‍ ആറാം തവണയാണ് പരിശോധന നിരക്ക് കുറച്ചത്.
ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് കുറച്ച നടപടിക്കെതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. തിരുവനന്തപുരത്തെ ദേവി സ്‌കാന്‍സ് പ്രൈവറ്റ് ലിമിറ്റിഡ് ഉള്‍പ്പെടെ പത്തു സ്വകാര്യ ലാബുകളാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇറക്കുമതിചെയ്ത പരിശോധനാകിറ്റ് ഉപയോഗിച്ച് 4500 രൂപ നിരക്കില്‍ പരിശോധന നടത്താന്‍ സുപ്രീംകോടതി നേരത്തേ സ്വകാര്യ ലാബുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പരിശോധനാ കിറ്റിന്റെ നിരക്ക് ഏറെ കുറയുകയും അവ ആവശ്യാനുസരണം ലഭ്യമാകുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിരക്ക് കുറച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *